Connect with us

National

ലോക്സഭാ തിരഞ്ഞെടുപ്പ്: മോദിയും അമിത്ഷായും ഉൾപ്പെടെ നൂറ് സ്ഥാനാർഥികളുടെ പട്ടിക ബിജെപി വ്യാഴാഴ്ച പുറത്തിറക്കിയേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും ബിജെപി അടുത്ത ദിവസങ്ങളിൽ പുറത്തിറക്കിയേക്കും.

Published

|

Last Updated

ന്യൂഡൽഹി | 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നൂറ് സ്ഥാനാർഥികളുടെ പട്ടിക ഫെബ്രുവരി 29ന് ബിജെപി പുറത്തുവിടുമെന്ന് റിപ്പോർട്ടുകൾ. അന്ന് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുകയും അതിന് ശേഷം ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിടുകയും ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ 80 മുതൽ 100 ​​വരെ സ്ഥാനാർത്ഥികളുടെ പേരുകൾ ഈ പട്ടികയിലുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരാണസിയിൽ നിന്ന് തന്നെ ജനവിധി തേടുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് തവണയും വരാണസിയിൽ നിന്നാണ് മോഡി തിരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ 3.37 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ, 2019-ൽ അത് 4.8 ലക്ഷമായി ഉയർത്തി.

2019-ലെ തിരഞ്ഞെടുപ്പിൽ, ബി ജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ സ്ഥിരം സീറ്റായിരുന്നു ഗാന്ധിനഗറിൽ നിന്നായിരുന്നു അമിത്ഷായുടെ വിജയം. അമിത്ഷായും ഇത്തവണ ഇതേ മണ്ഡലത്തിൽ തന്നെ ജനവിധി തേടുമെന്നാണ് ഇപ്പോഴത്തെ സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 370 സീറ്റുകൾ ബിജെപി തനിച്ച് നേടുമെന്നും മുന്നണി 400 സീറ്റ് നേടുമെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയുള്ള നൂറ് ദിനങ്ങൾ അതീവ പ്രാധാന്യമേറിയതാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും ബിജെപി അടുത്ത ദിവസങ്ങളിൽ പുറത്തിറക്കിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള പദയാത്രയുടെ സമാപനത്തോടനുബന്ധിച്ചാകും പട്ടിക പുറത്തിറക്കുക. ഫെബ്രുവരി 27ന് പദയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പങ്കെടുക്കുന്നുണ്ട്.

Latest