karnataka election result
കർണാടകയിൽ കോൺഗ്രസ് തരംഗം; മോദി പ്രഭാവത്തിന് കനത്ത തിരിച്ചടി
കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇപ്പോള്‍ അറിയാനുള്ളത്
ബെംഗളൂരു | കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം. ബിജെപിയെ നിലംപരിശാക്കി മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് കന്നഡ മണ്ണിൽ അധികാരമുറപ്പിച്ചു. ആകെയുള്ള 224 സീറ്റുകളിൽ 138 സീറ്റുകളിലും കോൺഗ്രസ് മുന്നേറുകയാണ്. ബിജെപി 63 സീറ്റുകളിേക്ക് ഒതുങ്ങി. ജെ ഡി എസ് 20 സീറ്റുകളിലും മറ്റു കക്ഷികൾ മൂന്ന് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ രണ്ട് മണിക്കൂർ പിന്നിട്ടതോടെ കോൺഗ്രസിന്റെ ഗ്രാഫ് കുത്തനെ ഉയർന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക് കുതിച്ചുയരുന്നതും ബിജെപി മൂക്ക് കുത്തി വീഴുന്നതുമാണ് പിന്നീട് കണ്ടത്. കേവല ഭൂരിപക്ഷം കടന്നതിൽ പിന്നെ കോൺഗ്രസിന് താഴേക്ക് നോക്കേണ്ടി വന്നിട്ടേയില്ല.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസിന് വിജയമൊരുക്കിയത്. മോഡി പ്രഭാവത്തിൽ ജയിച്ചുകയറാനുള്ള ബിജെപി തന്ത്രങ്ങളെ തച്ചുടക്കാൻ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷാ ഉൾപ്പെടെ കേന്ദ്ര മന്ത്രിമാരും നാഴികക്ക് നാൽപത് വട്ടം കർണാടകയിലെത്തി പ്രചാരണം നടത്തിയിട്ടും ബിജെപി കൂപ്പുകുത്തിയത് ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് പടർത്തിയത്.
വർഗീയതയും വിധ്വേഷവും പ്രചരിപ്പിച്ച് ജയിച്ച് കയറാനുള്ള ബിജെപിയുടെ തന്ത്രങ്ങൾക്ക് ഏറ്റ തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ദക്ഷിണേന്ത്യയുടെ മണ്ണിൽ വർഗീയ വിഷം തീണ്ടാനാകില്ലെന്ന ഉറച്ച പ്രഖ്യാപനമായി ഈ ജനവിധി. ഹിജാബ് വിവാദവും ഹലാൽ വിവാദവും ഏറ്റവും ഒടുവിൽ മുസ്ലിംകളുടെ നാല് ശതമാനം സംവരണം എടുത്തുകളഞ്ഞ തീരുമാനവും എല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയായെന്ന് വേണം കരുതാൻ.
ബിജെപി ഒറ്റകക്ഷയായാലും കോൺഗ്രസ് ഒറ്റകക്ഷയായാലും കിംഗ്മേക്കറായി കൈ നനയാതെ മീൻ പിടിക്കാമെന്ന എച്ച് ഡി കുമാരസ്വാമിയുടെ സ്വപ്നങ്ങളും ജനം തകർത്തെറിഞ്ഞു. കോൺഗ്രസ് ജയിച്ചാൽ അവർക്കൊപ്പവും കൂടുതൽ പണം കിട്ടിയാൽ ബിജെപിക്കൊപ്പവും നിൽക്കാൻ മടിയില്ലാത്ത ആദർശമില്ലായ്മയ്ക്ക് ജനം തിരിച്ചടി നൽകിയതോടെ ജെ ഡി എസ് നേരത്തെ ഉണ്ടായരുന്ന 37ൽ നിന്ന് 20ലേക്ക് കൂപ്പുകുത്തി.
കർണാടകയിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം കാണിക്കുന്നത്. സർക്കാറുണ്ടാക്കാൻ കോൺഗ്രസിന് ആരുടെയും സഹായം ആവശ്യമില്ല. അതുകൊണ്ട് തന്നെ മറ്റു പാർട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങി മുഖ്യമന്ത്രി പദം പണയം വെക്കേണ്ട സാഹചര്യവുമില്ല. ഇക്കഴിഞ്ഞ ടേമിൽ നാല് തവണയാണ് കർണാടകയിൽ മുഖ്യമന്ത്രിമാർ മാറിയത്.
ദേശീയ രാഷ്ട്രീയത്തിലും കർണാടക വിധി കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും കരുത്തു പകരും. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ ആത്മവിശ്വാസത്തോടെ കരുക്കൾ നീക്കാൻ അവർക്കിത് അവതരമൊരുക്കും.
LIVE UPDATES:
കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധിയാണ് പുറത്തുവന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലായാണ് നടന്നത്. 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
തൂക്കുസഭയാണ് കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചിരുന്നത്. എന്നാൽ രണ്ട് സർവേകൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റവും പ്രവചിച്ചിരുന്നു. ഒരു സർവേ ബിജെപിക്കും വിജയം പ്രവചിച്ചു.