From the print
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വി എസ് സുനില്‍കുമാറിനായി തൃശൂരില്‍ സി പി എം സമ്മര്‍ദം
വയനാട്ടിലും തിരുവനന്തപുരത്തും ദേശീയ ശ്രദ്ധയുള്ള മത്സരം • തൃശൂരില്‍ പ്രത്യേക പ്രചാരണ തന്ത്രം നടപ്പാക്കും.
തിരുവനന്തപുരം | അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വി എസ് സുനില്‍കുമാറിനെ മത്സരിപ്പിക്കുന്നതിന് സി പി എം സമ്മര്‍ദം. ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കുന്ന തൃശൂരില്‍ സുനില്‍കുമാര്‍ തന്നെ വേണമെന്നും തൃശൂരില്‍ ഇടതുമുന്നണി പ്രത്യേക പ്രചാരണ തന്ത്രം തന്നെ ആവിഷ്‌കരിക്കുമെന്നും സി പി എം, സി പി ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്തും വയനാട്ടിലും ദേശീയതലത്തില്‍ സ്വീകാര്യതയുള്ള ആളുകളെ മത്സരത്തിനിറക്കിയാല്‍ മതിയെന്നും രണ്ടിടത്തും ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പില്‍ ഇടപെടണമന്നും മുന്നണി തലത്തില്‍ നിര്‍ദേശമുണ്ട്.
തൃശൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി എസ് സുനില്‍കുമാറിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടെ അഭിപ്രായവ്യത്യാസം ഉയര്‍ന്നെങ്കിലും സുനില്‍കുമാറിന് പകരം മറ്റൊരാളെ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കാനം പക്ഷത്തിന് അത്ര സ്വീകാര്യനല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ തൃശൂരില്‍ വി എസ് സുനില്‍കുമാറിന് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന. അതേസമയം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക പ്രചാരണ തന്ത്രം ഒരുക്കാന്‍ ഇടതു മുന്നണിയില്‍ തത്ത്വത്തില്‍ ധാരണായിട്ടുണ്ട്. ഇതോടൊപ്പം സി പി ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി സാധ്യതകളില്‍ പ്രാഥമിക ചര്‍ച്ചകള്‍ ഇന്നലെ എക്സിക്യൂട്ടീവ് യോഗത്തില്‍ നടന്നിരുന്നു.
മാവേലിക്കരയില്‍ അഡ്വ. അരുണ്‍ കുമാറിന്റെ പേരിനാണ് ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത്. മുന്നണി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തും വയനാട്ടിലും ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരത്തിന് ഇറക്കാനും സി പി ഐ ആലോചിക്കുന്നുണ്ട്.
ഇത്തരം സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയിലില്ലെങ്കില്‍ പൊതു സ്വീകാര്യതയുള്ളവരെ ഇറക്കി മത്സരത്തെ നേരിടണമെന്നുമാണ് എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷാഭിപ്രായം.
അതേസമയം, ഏറെ നേരത്തേ പ്രചാരണം തുടങ്ങിയ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും രണ്ടാം അങ്കത്തിന് പാര്‍ട്ടിയുടെ അനുമതി കാത്തിരിക്കുന്ന കോണ്‍ഗ്രസ്സിലെ ടി എന്‍ പ്രതാപനും വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി രണ്ട് തവണ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിവെച്ച മണ്ഡലത്തില്‍ വി എസ് സുനില്‍കുമാറിനെ നേരത്തേ തന്നെ ഇറക്കണമെന്നാണ് സി പി എമ്മിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി കുടുംബയോഗങ്ങളടക്കം ആസൂത്രണം ചെയ്യുകയും സജീവമാകാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ സാധ്യതാ പ്രഖ്യാപനത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും തൃശൂരില്‍ വി എസ് സുനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരുണ്ടാകില്ലെന്നാണറിയുന്നത്.