National
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി; കേരളത്തിൽ ഏപ്രിൽ 26ന്; വോട്ടെണ്ണൽ ജൂൺ നാലിന്
രാജ്യത്ത് 97 കോടി വോട്ടർമാർ
ന്യൂഡൽഹി | 18-ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം ജൂൺ നാലിന് നടക്കും.
ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഇതിൽ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും. 13 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. മേയ് ഏഴിന് 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്ക് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. മെയ് 13 ന് നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മെയ് 20ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കും. എട്ട് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കാകും ഈ ഘട്ടത്തിൽ വോട്ടെടുപ്പ്. മെയ് 25ന് ആറാം ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഏഴാം ഘട്ടമായ ജൂൺ ഒന്നിന് എട്ട് സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
കേരളം ഉൾപ്പെട്ട രണ്ടാം ഘട്ട വോട്ടെടുപ്പിന് മാർച്ച് 28ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രിൽ നാല് വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ അഞ്ചിന് നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 26ന് വോട്ടെടുപ്പും ജൂൺ നാലിന് ഫലപ്രഖ്യാപനവും നടക്കും.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷ കാരണങ്ങളാലാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തത്. ലോക് സഭ തെരെഞ്ഞടുപ്പ് കഴിഞ്ഞാലുടൻ കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രാജീവ് കുമാർ അറിയിച്ചു. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49 കോടി പേർ പുരുഷ വോട്ടർമാരും 47.1 കോടി പേർ സ്ത്രീ വോട്ടർമാരുമാണ്.48000 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 1.8 കോടി പേർ കന്നി വോട്ടർമാരാണെന്നും രാജീവ് കുമാർ പറഞ്ഞു.
10.5 ലക്ഷം പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. 55 ലക്ഷം ഇ വി എമ്മുകളും ഒരുക്കും. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരാണ് വോട്ടിംഗ് പ്രക്രിയക്ക് നേതൃത്വം നൽകുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും കമ്മീഷൻ അറിയിച്ചു. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
.പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും കമ്മീഷൻ അറിയിച്ചു.