Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹമെന്ന് കെ എസ് യു, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പഠനത്തോടൊപ്പം വരുമാനം എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുപ്പ് സേവനത്തിന് ഇറങ്ങിയത്. വേതനം മുടങ്ങിയത് ദൗര്‍ഭാഗ്യകരമാണന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ശബളം നല്‍കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സ്റ്റുഡന്റ് പോലീസ് കാഡറ്റ്,എന്‍സിസി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടി ചെയ്ത വിദ്യാര്‍ഥികള്‍ക്കും തുക നല്‍കാനുണ്ട്. വിഷയത്തില്‍ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന ആവശ്യവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

പഠനത്തോടൊപ്പം വരുമാനം എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുപ്പ് സേവനത്തിന് ഇറങ്ങിയത്. വേതനം മുടങ്ങിയത് ദൗര്‍ഭാഗ്യകരമാണന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. സ്റ്റുഡന്‍സ് പോലീസ് കാഡറ്റ്, എന്‍ സി സി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍ ലക്ഷത്തോളം പേര്‍ക്ക് 2600 രൂപ വീതമാണ് നല്‍കാനുള്ളത്.

മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസം നേരിട്ടാണ് പണം നല്‍കിയിരുന്നത്.ഇത്തവണ ഡീറ്റെയില്‍സ് വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് തുക  നല്‍കാമെന്നാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ചെയ്ത ഡ്യൂട്ടിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് സേവനമനുഷ്ഠിച്ചവര്‍ക്ക്  നല്‍കേണ്ട തുക എത്രയും പെട്ടെന്ന് കൊടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

 

Latest