National
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; അടുത്ത മാസം എണ്ണവില പത്ത് രൂപ വരെ കുറഞ്ഞേക്കും
ക്രൂഡ് ഓയിൽ വിലയിടിവും എണ്ണക്കമ്പനികളുടെ ലാഭവിഹിതം വര്‍ധിച്ചതുമാണ് എണ്ണ വില കുറക്കാനുള്ള കാരണമായി പറയുന്നത്.
ന്യൂഡൽഹി | ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അടുത്ത മാസം മുതല്‍ പെട്രോള്‍ ഡീസല്‍ വില 5 മുതല്‍ 10 രൂപവരെ കുറയാന്‍ സാധ്യത. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ മൂന്നാം പാദത്തിലെ ലാഭം പുറത്തുവിട്ടതിന് പിന്നാലെയാണ് അടുത്ത മാസം മുതല്‍ എണ്ണ വില കുറയുമെന്ന സൂചനകൾ പുറത്തുവരുന്നത്. ക്രൂഡ് ഓയിൽ വിലയിടിവും എണ്ണക്കമ്പനികളുടെ ലാഭവിഹിതം വര്‍ധിച്ചതുമാണ് എണ്ണ വില കുറക്കാനുള്ള കാരണമായി പറയുന്നത്. ലിറ്ററിന് 10 രൂപവരെ കുറക്കുമെന്നാണ് റിപ്പോർട്ടുകൾ.
2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവയുടെ ലാഭം ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023- 24 ന്റെ ആദ്യ പകുതിയില്‍ 3 എണ്ണക്കമ്പനികളുടെ ലാഭം 57091.87 കോടിയാണ്. ഇത് 2022-23 സാമ്പത്തിക വർഷത്തിൽ 1,137.89 കോടി രൂപയായിരുന്നു. അതായത് അഞ്ച് മടങ്ങ് വർദ്ധനവ്.
അസംസ്കൃത എണ്ണയുടെ വില ഒരു വർഷത്തിനുള്ളിൽ 12% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ കാലയളവിൽ എണ്ണ വിപണന കമ്പനികൾ വില കുറച്ചിട്ടില്ല. 2022 ഏപ്രിലിലാണ് എണ്ണക്കമ്പനികൾ അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. നിലവിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപയിക്കും ഡീസൽ 90 രൂപക്കും മുകളിലാണ് വിൽപന നടത്തുന്നത്.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വില ഇപ്പോഴും 57 രൂപയോളമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൂടി ചേരുന്നതോടെ ഇത് നൂറ് രൂപ മറികടന്നു. 19.90 രൂപയാണ് കേന്ദ്രസർക്കാർ പെട്രോളിനും ഡിസലിനും എക്സൈസ് തീരുവ ഈടാക്കുന്നത്. ഇതിന് പുറമെ സംസ്ഥാന സർക്കാരുകളുടെ വാറ്റും സെസും കൂടി ചേരുമ്പോൾ വില അടിസ്ഥാന വിലയുടെ 2 മടങ്ങ് വരെ വർദ്ധിക്കുന്നു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വില കുറയ്ക്കാനുള്ള എണ്ണക്കമ്പനികകളുടെ നീക്കം ബി ജെ പി ക്ക് മുതല്‍ക്കൂട്ടാവും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സര്‍ക്കാര ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. എണ്ണവില കുറയുന്നത് ബി ജെ പി രാഷ്ട്രീയ ആയുധമാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.