Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തില്‍ 60 ശതമാനം പോളിങ്; ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളില്‍

ബിഹാറിലാണ് ഏറ്റവും കുറവ്- 46.32 ശതമാനം. പശ്ചിമ ബംഗാളിലും മണിപ്പൂരിലും വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളുണ്ടായി.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. രാത്രി ഏഴു വരെയുള്ള റിപോര്‍ട്ട് പ്രകാരം 60 ശതമാനമാണ് മൊത്തം പോളിങ്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 77.57 ശതമാനം. ബിഹാറിലാണ് ഏറ്റവും കുറവ്- 46.32 ശതമാനം. ഇവിടെ നാല് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ത്രിപുരയിലെ ഒരു മണ്ഡലത്തില്‍ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ 62 ശതമാനം വോട്ട് രേഖപ്പെടുത്തി. 12 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 50 ശതമാനം മാത്രമാണ് പോളിങ്.

ആന്‍ഡമാന്‍ നിക്കോബാര്‍- 56.87 ശതമാനം, അരുണാചല്‍ പ്രദേശ്- 64.07, അസം- 70.77, ബിഹാര്‍- 46.32, ഛത്തീസ്ഗഡ്- 63.41, ജമ്മു കശ്മീര്‍- 65.08, ലക്ഷദ്വീപ്- 59.02, മധ്യപ്രദേശ്- 63.25, മഹാരാഷ്ട്ര- 54.85, മണിപ്പൂര്‍- 68.58, മേഘാലയ- 70.87, മിസോറാം- 54.18, നാഗാലാന്‍ഡ്- 56.77, പുതുച്ചേരി- 72.84, രാജസ്ഥാന്‍- 51.16, സിക്കിം- 68.06, തമിഴ്നാട്- 62.20, ത്രിപുര- 79.94, ഉത്തര്‍പ്രദേശ്- 57.66, ഉത്തരാഖണ്ഡ്- 53.65 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള 102 മണ്ഡലങ്ങളിലായാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലും മണിപ്പൂരിലും വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളുണ്ടായി. എന്നാല്‍, മറ്റ് 14 സംസ്ഥാനങ്ങളിലും സമാധാനപരമായിരുന്നു.

21 മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴ് മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രമുഖരില്‍ പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

പശ്ചിമ ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം
വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും അക്രമങ്ങളുണ്ടായി. ബംഗാളില്‍ കൂച്ച് ബെഹാര്‍ ജില്ലയിലെ സിതാല്‍കുച്ചിയില്‍ ബി ജെ പി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ടി എം സി പ്രവര്‍ത്തകരുടെ കല്ലേറില്‍ പാര്‍ട്ടി ബൂത്ത് പ്രസിഡന്റിന് പരുക്കേറ്റതായി ബി ജെ പി ആരോപിച്ചു. ആയുധങ്ങളുമായെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൂഫാന്‍ഗഞ്ചിലെ ടി എം സി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചതായും തൃണമൂല്‍ ആരോപിച്ചു. ബംഗാളിലെ തന്നെ ദിന്‍ഹാട്ടയില്‍ ബോംബേറുണ്ടായി. ദാബ്ഗ്രാമില്‍ ബി ജെ പി ബൂത്ത് ഓഫീസ് അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.

മണിപ്പൂരില്‍ തമന്‍പോക്പിയില്‍ ആയുധധാരികളായ സംഘം പോളിങ് ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഖോങ്മന്‍ സോണ്‍ നാലിലെ പോളിങ് സ്റ്റേഷനില്‍ കയറിയ അക്രമികള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകര്‍ത്തു.

 

 

 

Latest