Connect with us

National

വനിതാ സംവരണ ബിൽ ലോക്സഭ കടന്നു; എതിർത്തത് രണ്ട് അംഗങ്ങൾ മാത്രം

നാളെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.

Published

|

Last Updated

ന്യൂഡൽഹി | ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ (നാരി ശക്തി വന്ദൻ ബിൽ) ലോക്സഭ പാസ്സാക്കി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിനിട്ടപ്പോൾ അനുകൂലിച്ച് 454 വോട്ടും എതിർത്ത് 2 വോട്ടും ലഭിച്ചു. നാളെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിയമമാകും. സംവരണം നടപ്പാക്കുന്നതോടെ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 181 ആയി ഉയരും

ബില്ലിന്മേലുള്ള ചർച്ചയിൽ 60 എംപിമാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധി ഈ ബില്ലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.  ഒബിസി സംവരണം കൂടാതെ ഈ ബിൽ അപൂർണ്ണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ ബില്ലിലൂടെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുമെന്ന് വനിതാ സംവരണ ബിൽ ചർച്ച ചെയ്യുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ രാജ്യത്തിന്റെ മകൾക്ക് നയങ്ങളിൽ പങ്കാളിത്തം മാത്രമല്ല, നയരൂപീകരണത്തിലും അവളുടെ സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ ചില പാർട്ടികൾക്ക് ഒരു രാഷ്ട്രീയ അജണ്ടയായിരിക്കാം, എന്നാൽ ഇത് തന്റെ പാർട്ടിക്കും തന്റെ നേതാവ് പ്രധാനമന്ത്രി മോദിക്കും ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എഐഎംഐഎം നേതാവ് ഒവൈസി ബില്ലിനെ എതിർത്തിരുന്നു. ഉയർന്ന ജാതിക്കാരായ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കുക മാത്രമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ ഒബിസി സ്ത്രീകളുടെയും മുസ്ലീം സ്ത്രീകളുടെയും പ്രാതിനിധ്യത്തെ ബാധിക്കും. സ്ത്രീകളെ കബളിപ്പിക്കാനുള്ള ബില്ലാണിത്.

ഇന്നലെയാണ് നിയമമന്ത്രിഅര്‍ജുന്‍ റാം മേഘ്‌വാള്‍ വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും.

2029 ഓടെ മാത്രമേ ബിൽ പ്രാബല്യത്തിൽ വരൂ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിൽ ബാധകമാകില്ലെന്നർഥം. നാരി ശക്തി വന്ദൻ നിയമം എന്ന വനിതാ ബിൽ നിയമമായതിന് ശേഷമുള്ള ആദ്യ ഡീലിമിറ്റേഷനോ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയത്തിനോ ശേഷം മാത്രമേ ക്വാട്ട നടപ്പിലാക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

2027-ൽ നടക്കാനിരിക്കുന്ന അടുത്ത സെൻസസിന് ശേഷം മാത്രമേ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുകയുള്ളൂ. അങ്ങിനെയെങ്കിൽ ബിൽ പ്രാബല്യത്തിൽ വരാൻ 2029 വരെ കാത്തിരിക്കേണ്ടിവരും. 2021-ലാണ് സെൻസസ് അവസാനമായി നടത്താനിരുന്നത്. എന്നാൽ കൊവിഡ് കാരണം ഇത് വൈകുകയായിരുന്നു.ബിൽ നിയമമായി മാറിയാൽ 15 വർഷത്തേക്കായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ ഇതിന് ശേഷം ഇതിന്റെ കാലാവധി ദീർഘിപ്പിച്ചേക്കും. ഓരോ മണ്ഡല പുനർനിർണയത്തിന് ശേഷവും വനിതകൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങൾ മാറുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

Latest