Connect with us

Kerala

ലോക്‌സഭ പ്രോടേം സ്പീക്കര്‍: കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി.ജെ.പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം| പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോക്‌സഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കാലം സഭയില്‍ അംഗമായിട്ടും മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി.ജെ.പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബി.ജെ.പിക്കെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊടിക്കുന്നില്‍ സുരേഷിന് ലോകസഭയില്‍ പ്രോടേം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്ന് ആരോപണമുയര്‍ന്നിരുന്നു. ബി ജെ പിയുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടായിരിക്കാം ഈ അവഗണനയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. എട്ട് പ്രാവശ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ അംഗമായിരുന്ന ആളെ പ്രോടേം സ്പീക്കര്‍ ആക്കുകയെന്നത് കാലങ്ങളായി കണ്ടുവരുന്ന കീഴ്വഴക്കമാണ്. ഇത് ലംഘിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.

കൊടിക്കുന്നിലിന്റെ അയോഗ്യത എന്താണെന്നും ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായതു കൊണ്ടാണോ അദ്ദേഹത്തിന്റെ അര്‍ഹതയെ കണക്കിലെടുക്കാത്തതെന്നും സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. പ്രോടേം സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങള്‍ ലംഘിക്കപെട്ടുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രോടേം സ്പീക്കര്‍ പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയും പ്രതികരിച്ചു. പാര്‍ലമെന്റില്‍ പാലിച്ചുവന്നിരുന്ന കീഴ്വഴക്കങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് നിയമങ്ങള്‍ പാസാക്കാന്‍ ഇത്തവണ ഇന്ത്യാ മുന്നണി അനുവദിക്കില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു. ദളിത് അംഗമായ തനിക്ക് മുന്നില്‍ ബിജെപി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള മടി കൊണ്ടാണോ തന്നെ പദവിയില്‍ നിന്ന് മാറ്റിയതെന്നും കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു. മുന്‍പ് കോണ്‍ഗ്രസും ബിജെപി തന്നെയും ഭരിച്ചിരുന്നപ്പോഴൊക്കെ സീനിയോരിറ്റി അനുസരിച്ചാണ് പ്രോടേം സ്പീക്കര്‍ പദവി നല്‍കിയിരുന്നത്. എട്ട് പ്രാവശ്യം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തന്നെ ഒഴിവാക്കിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest