Connect with us

election date

ലോക്സഭാ സെമി ഫൈനലിന് കാഹളമായി; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

നവംബര്‍ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നവംബര്‍ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മിസോറമിലും ഛത്തീസ്ഗഢിലുമാണ് ഏഴാം തീയതി ആദ്യം വോട്ടെടുപ്പ് നടക്കുക. ഛത്തീസ്ഗഢിലെ രണ്ടാം ഘട്ടവും മധ്യപ്രദേശിലെ വോട്ടെടുപ്പും നവംബര്‍ 17നാണ്. രാജസ്ഥാനില്‍ നവംബര്‍ 23നാണ് വോട്ടെടുപ്പ്. തെലങ്കാനയില്‍ 30ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢില്‍ മാത്രമാണ് രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കുക. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.

അഞ്ച് സംസ്ഥാനങ്ങളില്‍ 679 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ ആറിലൊന്ന് നിയമസഭാ മണ്ഡലങ്ങള്‍ വരുമിത്. ആകെ 16 കോടി വോട്ടര്‍മാരാണുള്ളത്. മിസോറം 30, ഛത്തീസ്ഗഢ് 90, മധ്യപ്രദേശ് 230, രാജസ്ഥാന്‍ 200, തെലങ്കാന 119 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള സീറ്റുകളുടെ കണക്ക്. 1.77 ലക്ഷം പോളിംഗ് ബൂത്തുകളുണ്ടാകും. ഒരു ലക്ഷം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. 60 ലക്ഷം കന്നിവോട്ടര്‍മാരുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുണ്‍ ഗോയല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്രത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബി ജെ പിക്കും ബി ജെ പിയെ അധികാരഭ്രഷ്ടരാക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ക്കും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് മാത്രമാണ് നിലവിൽ ബി ജെ പി ഭരിക്കുന്നത്. രാജസ്ഥാനും ഛത്തീസ്ഗഢും കോൺഗ്രസും തെലങ്കാന ടി ആർ എസും മിസോറം എം എൻ എഫുമാണ് ഭരിക്കുന്നത്. രാജസ്ഥാനും ഛത്തീസ്ഗഢും നിലനിർത്തുക കോൺഗ്രസിൻ്റെ അഭിമാന പ്രശ്നമാണ്.

---- facebook comment plugin here -----

Latest