Kerala
ലോകായുക്തയുടേത് വിടുപണി; കടുത്ത പരാമര്‍ശവുമായി കെ സുധാകരന്‍
ലോകായുകതയുടെ പരാമര്‍ശങ്ങള്‍ കേസില്‍ വിധി എന്താകുമെന്ന് വ്യക്തമാക്കുന്നുണ്ട്
തിരുവനന്തപുരം \ ലോകായുക്തക്കെതിരെ കടുത്ത വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണിയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. കേസിലെ പരാതിക്കാരന്‍ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് സുധാകരന്‍ പറഞ്ഞു. ലോകായുകതയുടെ പരാമര്‍ശങ്ങള്‍ കേസില്‍ വിധി എന്താകുമെന്ന് വ്യക്തമാക്കുന്നുണ്ട് . മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന് പോയ ലോകായുക്തയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പരാതിക്കാരന്‍ ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരേ ഹരജി നല്കുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. മൂന്നുവര്‍ഷം നടന്ന വാദപ്രതിവാദങ്ങള്‍ കാറ്റില്‍പ്പറത്തി വീണ്ടും ആദ്യം മുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന്‍ ചോദിച്ചു.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്കിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷന്‍ 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു