Kerala
ലോകായുക്ത നിയമ ഭേദഗതി ബില്‍ പാസാക്കി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ പാസാക്കിയത്.

തിരുവനന്തപുരം | ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്‍ പാസാക്കിയത്. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്ട്രീയ നേതാക്കളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബില്‍. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കിയായിരുന്നു സഭാ ബഹിഷ്‌കരണം. ഇന്ന് സഭയുടെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയില്‍ പുതിയ ഭേദഗതി ഉള്‍പ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സഭ അംഗീകരിച്ചില്ല. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്നും ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നും നിയമ മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളിക്കളയുകയും ചെയ്തു.
അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപ്പരിശോധനാ അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ടുവന്നത്. നിയമഭേദഗതി നിലവില്‍ വരുന്നതോടെ മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം.