Kerala
ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശവുമായി സിപിഐ
ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ബദല്‍ മുന്നോട്ടു വെക്കും
തിരുവനന്തപുരം | ലോകായുക്ത നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട് പോകവെ സമവായ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് സി പി ഐ. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീര്‍പ്പ് തള്ളാന്‍ അധികാരം നല്‍കണമെന്നുമാണ് സി പി ഐയുടെ നിര്‍ദേശം. തീര്‍പ്പുകള്‍ പുനപരിശോധിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നതിന് പകരം അത് ഉന്നത് സമതിക്ക് വിടണമെന്നാണ് സി പി ഐ മുന്നോട്ട് വെക്കുന്ന അഭിപ്രായം.
ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ബദല്‍ മുന്നോട്ടു വെക്കും. 20 ന് കൊല്ലത്തു ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ അന്തിമ തീരുമാനമെടുക്കും.
നിയമഭേദഗതി വരുമ്പോള്‍ ലോകായുക്തയുടെ തീര്‍പ്പുകള്‍ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കും. എന്നാലിത് ലോകായുക്തയുടെ മൂര്‍ച്ച ഇല്ലാതാക്കുന്ന നടപടിയാണെന്നും പാടില്ലെന്നുമാണ് സി പി ഐ ആദ്യംമുതലെ എടുത്ത നിലപാട്. എന്നാല്‍ നിയമഭേദഗതിയുമായി മുന്നോട്ട് പോകാന്‍ സി പി എം തീരുമാനിച്ച സാഹചര്യത്തിലാണ് ബദല്‍ നിര്‍ദേശവമായി സിപിഐ എത്തുന്നത്. ഇക്കാര്യത്തില്‍ താമസിയാതെ സിപിഎം നേതാക്കളുമായി ചര്‍ച്ചക്കൊരുങ്ങുകയാണ് സിപിഐ