Connect with us

Articles

ലോകായുക്ത നിയമഭേദഗതിയും ശരികേടുകളും

കേരള ലോകായുക്ത ആക്ടിലെ 14ാം വകുപ്പാണ് ഓര്‍ഡിനന്‍സിന്റെ പ്രധാന ഉന്നം. ലോകായുക്ത വിധി ഭരണപരമായ ചുമതലയുള്ളയാള്‍ക്ക് എതിരാകുന്ന പക്ഷം പദവി ഒഴിയേണ്ടിവരുന്ന സ്ഥിതിയായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. ഭരണ മേഖലയെ അഴിമതിമുക്തമാക്കുന്നതിലെ പ്രധാന ചുവടുവെപ്പായി തന്നെ അതിനെ കാണേണ്ടിയിരിക്കുന്നു. വഹിക്കുന്ന പദവിയും ഭാവി സാധ്യതകളും ബലികൊടുത്ത് മാത്രമേ അഴിമതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന അന്തരീക്ഷം കുറച്ചെങ്കിലും സൃഷ്ടിക്കാന്‍ നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍ ലോകായുക്ത നിയമത്തെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതിക്കാണ് ഓര്‍ഡിനന്‍സ് വരവൊരുക്കിയിരിക്കുന്നത്.

Published

|

Last Updated

2005ലെ വിവരാവകാശ നിയമത്തിന് സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ഓര്‍മിപ്പിക്കുന്നതാണ് ലോകായുക്ത നിയമത്തിന് കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി സാധ്യമാക്കിയ മാറ്റം. വിവരാവകാശ കമ്മീഷണര്‍മാരുടെ അധികാരം പരിമിതപ്പെടുത്തി കമ്മീഷനെ തന്നെ ഏറെക്കുറെ സടകൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലാക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന, അപ്രിയ ചോദ്യങ്ങളൊന്നും ചോദിക്കാത്ത, ചോദിച്ചാലും മറുപടി നല്‍കിയിരിക്കണമെന്ന മാന്‍ഡേറ്റില്ലാത്ത ഒരു ഭരണഘടനാ സ്ഥാപനമായി വിവരാവകാശ കമ്മീഷനെ ഒതുക്കിയതാണ് കേന്ദ്ര സര്‍ക്കാര്‍. സമാനമായി ഭരണരംഗം അഴിമതിമുക്തമാക്കാന്‍ വേണ്ടി കൊണ്ടുവന്ന ലോകായുക്ത നിയമവും അസ്ഥിപഞ്ജരമാകുന്ന വഴിയാണിപ്പോള്‍ ലോകായുക്ത നിയമ ഭേദഗതിയിലൂടെ തെളിഞ്ഞു കാണുന്നത്.

1983ലെ കേരള പബ്ലിക് മെന്‍ ആക്ട് മാറ്റിയാണ് 1999ല്‍ കേരള ലോകായുക്ത ആക്ട് കൊണ്ടുവന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സ്റ്റേറ്റ് ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും പരാമര്‍ശിക്കുന്ന പ്രമേയങ്ങളില്‍ ലോകായുക്തക്ക് അന്വേഷണ അധികാരം നല്‍കുന്നതാണ് പ്രസ്തുത നിയമം. സംസ്ഥാന നിയമനിര്‍മാണ സഭകള്‍ക്ക് നിയമനിര്‍മാണ അധികാരമുള്ള വിഷയങ്ങളാണ് സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതെങ്കില്‍ പാര്‍ലിമെന്റിനും സംസ്ഥാന നിയമനിര്‍മാണ സഭകള്‍ക്കും സംയുക്ത നിയമനിര്‍മാണ അധികാരമുള്ള വിഷയങ്ങളാണ് കണ്‍കറന്റ് ലിസ്റ്റിന്റെ പ്രതിപാദ്യം.

കഴിഞ്ഞ ജനുവരി 19നാണ് കേരള ലോകായുക്ത നിയമ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. തുടര്‍ന്ന് പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി പി ഐയും വിയോജിപ്പുമായി മുന്നോട്ട് വരുന്നതാണ് കണ്ടത്. ജനുവരി 22ന് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ ഒപ്പിനായി അയച്ചെങ്കിലും വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്.

കേരള ലോകായുക്ത ആക്ടിലെ 14ാം വകുപ്പാണ് ഓര്‍ഡിനന്‍സിന്റെ പ്രധാന ഉന്നം. ലോകായുക്ത വിധി ഭരണപരമായ ചുമതലയുള്ളയാള്‍ക്ക് എതിരാകുന്ന പക്ഷം പദവി ഒഴിയേണ്ടിവരുന്ന സ്ഥിതിയായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. ഭരണ മേഖലയെ അഴിമതിമുക്തമാക്കുന്നതിലെ പ്രധാന ചുവടുവെപ്പായി തന്നെ അതിനെ കാണേണ്ടിയിരിക്കുന്നു. വഹിക്കുന്ന പദവിയും ഭാവി സാധ്യതകളും ബലികൊടുത്ത് മാത്രമേ അഴിമതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന അന്തരീക്ഷം കുറച്ചെങ്കിലും സൃഷ്ടിക്കാന്‍ നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍ ലോകായുക്ത നിയമത്തെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതിക്കാണ് ഓര്‍ഡിനന്‍സ് വരവൊരുക്കിയിരിക്കുന്നത്. കുറ്റാരോപിതനെ കേട്ട ശേഷം ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സംസ്ഥാന സര്‍ക്കാറിനോ ലോകായുക്ത വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം എന്നാണ് പുതിയ നിയമ ഭേദഗതി. അതുവഴി അഴിമതി എന്ന ദുര്‍ഭൂതത്തെ കുടത്തിലടക്കാന്‍ കൊണ്ടുവന്ന നിയമത്തെ തന്നെ കൂട്ടിലടച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നിയമ ഭേദഗതിയിലൂടെ ലോകായുക്ത വിധിക്ക് മേല്‍ സംസ്ഥാന സര്‍ക്കാറിന് വിവേചനാധികാരം ലഭ്യമായിരിക്കുകയാണ്. ആ അധികാരം എവ്വിധമാണ് ഒരു ഭരണകൂടം പ്രയോഗിക്കുക എന്നത് ആലോചിക്കാവുന്നതേ ഉള്ളൂ. ലോകായുക്ത വിധിയെ മറികടക്കും വിധം അപ്പീല്‍ അധികാരം എക്സിക്യൂട്ടീവിന് ലഭിച്ചിരിക്കുന്നു എന്നതാണ് നിയമ ഭേദഗതിയിലെ പ്രധാന അപകടം. ലോകായുക്ത ശരിയാം വിധം അന്വേഷണം നടത്തി നീതിനിഷ്ഠമായ വിധി പുറപ്പെടുവിച്ചാലും ഒരു ഹയര്‍ അപ്പിലേറ്റ് അതോറിറ്റിയായി രംഗത്തെത്തുന്ന സംസ്ഥാന സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ രക്ഷിച്ചെടുക്കും. ഇവിടെ അപ്പീല്‍ അധികാരം ജുഡീഷ്യറിയില്‍ നിന്ന് തട്ടിയെടുക്കുന്ന സര്‍ക്കാര്‍ തീകൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് പറയാതെ വയ്യ. ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനത്തിലേക്കുള്ള കടന്നുകയറ്റമാണ് ലോകായുക്ത നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ, ഫെഡറല്‍ വിരുദ്ധ നീക്കങ്ങളെ രായ്ക്കുരാമാനം നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്ന സര്‍ക്കാര്‍ ലോകായുക്ത നിയമ ഭേദഗതിയിലൂടെ സ്വയം റദ്ദായിപ്പോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരള ലോകായുക്ത നിയമത്തിന് ശേഷം 2013ല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര നിയമമാണ് ലോക്പാല്‍ ആക്ട്. പ്രസ്തുത നിയമം നിര്‍വഹിക്കുന്നത് ലോകായുക്ത നിയമത്തിന്റെ അതേ ദൗത്യം തന്നെയാണ്. ഭരണരംഗത്തെ അഴിമതിക്ക് മൂക്കുകയറിടാന്‍ നടത്തിയ വലിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ നിയമ പ്രാബല്യം നേടിയതാണ് ലോക്പാല്‍ ആക്ട്. അങ്ങനെയിരിക്കെ പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തിന് വിരുദ്ധമാകുന്ന രീതിയില്‍ പുതിയ ലോകായുക്ത നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ വീണ്ടും ഭരണഘടനയോട് നേര്‍ക്കുനേര്‍ നില്‍ക്കേണ്ടിവരുന്നുണ്ട് കേരള സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന്. ഭരണഘടനയുടെ അനുഛേദം 254(2) പ്രകാരം കേന്ദ്ര നിയമത്തോട് ചേര്‍ച്ചയില്ലാത്ത വിധം നിര്‍മിക്കപ്പെട്ട നിയമ ഭാഗം അസാധുവായിരിക്കും എന്നാണ്. അതിനാല്‍ കേരള സര്‍ക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ജുഡീഷ്യറിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പക്ഷം നിലനില്‍ക്കുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. ലോകായുക്ത ഇടപെടലും വിധിയും പക്ഷപാതപരമാണ് എന്ന ആക്ഷേപമുണ്ടെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യലാണ് ഉചിതം. അതിനപ്പുറം നിയമത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ തുനിയുന്നത് ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിക്കുന്നതിന് തുല്യമാണ്.