Connect with us

lokayukta ordinance

ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

ബില്‍ അവതരിപ്പിച്ചത് മന്ത്രി പി രാജീവ്: എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ അവതരിപ്പിച്ച ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ അവതരിപ്പിച്ച ശേഷമുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. മുഖ്യമന്ത്രിക്ക് വേണ്ടി ധന-നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ അഴിമതി കേസുകളില്‍ ലോകായുക്തക്കുള്ള ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്നതാണ് ബില്‍. ഇതിന്റെ കരട് നേരത്തെ പുറത്തുവിട്ടിരുന്നു.

ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ധനമന്ത്രി പി രാജീവും തമ്മില്‍ നേരിട്ടുള്ള ഏറ്റമുട്ടലാണ് സഭയില്‍ കണ്ടത്.  വിധി സര്‍ക്കാറിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ലോകായുക്ത എന്നത് ജുഡീഷ്യല്‍ ബോഡിയാണ്. ഇതിലേക്ക് എക്‌സിക്യൂട്ടീവന്റെ ഒരു കടന്നുകയറ്റമാണ് ഭേദഗതിയിലൂടെയുണ്ടാകുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്സിക്യുറ്റീവ് മാറുന്നു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയും.ഭേദഗതി ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണെന്നും സതീശന്‍ പറഞ്ഞു. സി പി ഐയും സി പി എമ്മും തിമ്മിലുണ്ടായ സെറ്റില്‍മെന്റ് എന്താണെന്ന് അറിയില്ല.പക്ഷെ ഇത് ദൗര്‍ഭാഗ്യകരമാണെന്ന് സതീശന്‍ പറഞ്ഞു. സി പി ഐ മന്തിമാര്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ പ്രസംഗം വായിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു

വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട മറുപടിയാണ് മന്ത്രി രാജീവ് നല്‍കിയത്. ലോകായുക്ത ഏതിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി.ലോകയുക്ത ജുഡീഷ്യല്‍ ബോഡി അല്ല. അന്വേഷണ സംവിധാനം മാത്രമാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയാണ്. അത് ലോകത്തു ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ലോകായുക്തക്ക് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകായുക്ത അന്വേഷണ ഏജന്‍സി മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുന്നതിനിടെയാമ് കാനത്തിന്റെ പ്രതികരണം. നേരത്തെ ബില്ലിനോട് വിയോജിപ്പുണ്ടായിരുന്ന സി പി ഐ ഇപ്പോള്‍ പൂര്‍ണമായും ബില്ലിനോട് സഹകരിക്കുന്ന അവസ്ഥയിലാണുള്ളത്.

Latest