Connect with us

siraj editorial

ലോകായുക്തയും നിയമ ഭേദഗതിയും

വിശദമായ ചര്‍ച്ചക്കു ശേഷം നടപ്പാക്കേണ്ടതാണ് ലോക്പാലിന്റെ ജുഡീഷ്യല്‍ സ്വഭാവം എടുത്തുകളയുന്നതു പോലുള്ള സുപ്രധാനമായ തീരുമാനം. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ വിഷയം സഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമായിരുന്നിട്ടും ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത് എന്തിനാണെന്നത് ദുരൂഹമാണ്

Published

|

Last Updated

ര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാന്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള ശക്തമായ ഒരു സംവിധാനം ആവശ്യമാണെന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ലോക്പാലും ലോകായുക്തയും. ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് 1999ലാണ് കേരള നിയമസഭ ലോകായുക്ത പാസ്സാക്കിയതും രാഷ്ട്രപതിയുടെ അംഗീകാരം നേടിയതും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു വിധിക്കാന്‍ അധികാരമുണ്ടെന്നതാണ് കേരളം അംഗീകരിച്ച ലോകായുക്ത നിയമത്തിന്റെ സവിശേഷത. ഈ അധികാരം എടുത്തുകളഞ്ഞു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.

ഏതെങ്കിലും വിഷയത്തില്‍ ഒരു മന്ത്രിയുടെയോ ജനപ്രതിനിധിയുടെയോ ഉദ്യോഗസ്ഥന്റെയോ അഴിമതി തെളിഞ്ഞാല്‍ ആരോപണ വിധേയന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു വിധിക്കാനുള്ള ലോകായുക്തയുടെ തീരുമാനത്തില്‍, സര്‍ക്കാറിന് പുനഃപരിശോധനക്കു അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ആയിരിക്കണം ലോകായുക്തയുടെ തലപ്പത്ത് നിയമിക്കുന്നത് എന്ന വ്യവസ്ഥയിലും മാറ്റം വരുത്തി. ഏതെങ്കിലും ഒരു ഹൈക്കോടതി ജഡ്ജി മതി എന്നാണ് ഭേദഗതി നിമയത്തിലെ വ്യവസ്ഥ. ഈ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായാല്‍ ലോക്പാലിന്റെ തലപ്പത്ത് രാഷ്ട്രീയ പ്രാമുഖ്യമുള്ളവരെ നിയമിക്കാനാകും. മുഖ്യമന്ത്രിക്കെതിരെയുള്ള ലോക്പാല്‍ ഉത്തരവ് ഗവര്‍ണര്‍ക്കും, മന്ത്രിമാര്‍ക്കെതിരെയുള്ളത് മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളത് ചീഫ് സെക്രട്ടറിക്കും പുനഃപരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്യാം. ലോകായുക്ത ഒരു ഉപദേശക സമിതിയുടെ തലത്തിലേക്ക് തരംതാഴുന്നുവെന്നതാണ് ഇതിന്റെ ഫലം. സര്‍ക്കാറിന് ഇഷ്ടമുള്ള വിധി നടപ്പാക്കപ്പെടുകയും അല്ലാത്തവ നടപ്പാക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്യുന്നതോടെ അഴിമതി തടയാനുള്ള നടപടികള്‍ ദുര്‍ബലമാകുകയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ചെയ്യും. കുറ്റാരോപിതന്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു പ്രഖ്യാപിക്കാന്‍ ലോകായുക്തക്ക് അധികാരം നല്‍കുന്ന 14ാം വകുപ്പ് ഭരണഘടനക്കു നിരക്കാത്തതാണെന്നാണ് ഇടതുമുന്നണി ന്യായീകരണം. എന്നാല്‍ 1999ല്‍ പിണറായി കൂടി അംഗമായ മന്ത്രിസഭയാണ് ലോകായുക്തക്ക് അംഗീകാരം നല്‍കിയത്. അതും നിയമോപദേശത്തിനു ശേഷം. അന്നാരും ആ വകുപ്പില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

വിശദമായ ചര്‍ച്ചക്കു ശേഷം നടപ്പാക്കേണ്ടതാണ് ലോക്പാലിന്റെ ജുഡീഷ്യല്‍ സ്വഭാവം എടുത്തുകളയുന്നതു പോലുള്ള സുപ്രധാനമായ തീരുമാനം. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ വിഷയം സഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമായിരുന്നിട്ടും ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത് എന്തിനാണെന്നത് ദുരൂഹമാണ്. ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളാണെന്നിരിക്കെ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവുമായുള്ള കൂടിയാലോചന ആവശ്യമായിരുന്നില്ലേ? അതല്ലേ ജനാധിപത്യ മര്യാദ? കേന്ദ്രത്തിന്റെയും കേരളത്തിലെ മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെയും ഇത്തരം നീക്കങ്ങളെ മുമ്പ് പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഇടതുപക്ഷമെന്നതും ശ്രദ്ധേയമാണ്. കാര്‍ഷിക നിയമം മോദി സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ പാസ്സാക്കിയതിനെ ഏറ്റവും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് സി പി എമ്മും ഇടതുപക്ഷവുമായിരുന്നു. മാത്രമല്ല, നിയമ ഭേദഗതിയെക്കുറിച്ച് ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച നടന്നില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചാണ് ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ കുറ്റപ്പെടുത്തുന്നു. ഇത് ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്താണ് ഇടതുപക്ഷം അധികാരത്തിലേറിയത്. അഴിമതിയാരോപണങ്ങളില്‍ തീരുമാനമെടുക്കാന്‍ ശക്തമായ ഒരു സംവിധാനമുണ്ടെങ്കിലേ ഇത് സാധ്യമാകൂ. അഥവാ എക്‌സിക്യൂട്ടീവിനു വിധേയപ്പെടാത്ത വിധം കരുത്തും അധികാരങ്ങളുമുണ്ടാകണം ലോകായുക്തക്ക്. ഇതടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാതൃകയില്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കണം ഈ ഏജന്‍സികളെന്ന് ജനലോക്പാല്‍ ബില്ലിന് രൂപം നല്‍കിയ “ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ നിര്‍ദേശിച്ചത്. മന്ത്രിമാരോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഇതാവശ്യമാണ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും അപ്പീലിനു അവസരമില്ലാത്ത വിധം അത്തരമൊരു അധികാരം നല്‍കുമ്പോള്‍ ലോകായുക്തക്കു ഭരണഘടനാ സ്ഥാപനത്തിനു മുകളില്‍ മേൽക്കോയ്മ കൈവരാന്‍ ഇടയാക്കുമെന്നുമാണ് നിയമ ഭേദഗതിയെ ന്യായീകരിക്കാനായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അപ്പീല്‍ അവകാശം പാടേ നിഷേധിക്കുന്നുവെന്ന വാദം ശരിയല്ല. ലോക്പാലില്‍ അപ്പീലിന് അവസരമില്ലെങ്കിലും കുറ്റാരോപിതന് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അങ്ങനെ പലരും സമീപിച്ചിട്ടുമുണ്ട്.

ജനാധിപത്യ ഭരണ സംവിധാനത്തിന്റെ അനിവാര്യ ഘടകങ്ങളാണ് ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും. പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവയാണ് ഇവ മൂന്നും. എക്‌സിക്യൂട്ടീവിനു വീഴ്ച സംഭവിക്കുമ്പോള്‍ തിരുത്താനുള്ള ബാധ്യതയും അധികാരവും കൂടിയുണ്ട് ജുഡീഷ്യറിക്ക്. അത് ഭരണഘടനാദത്തവുമാണ്. എക്‌സിക്യൂട്ടീവിനു മേലുള്ള ജുഡീഷ്യറിയുടെ മേൽക്കോയ്മയായി അതിനെ കാണരുത്. രാഷ്ട്രീയക്കാരാണ് എക്്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും. ഈ മേഖലയില്‍ ഒരാള്‍ക്കെതിരെ ഉയരുന്ന അഴിമതിയാരോപണത്തില്‍, അന്തിമ തീരുമാനമെടുക്കാന്‍ അവരെ തന്നെ ഏല്‍പ്പിക്കുമ്പോള്‍, കക്ഷിരാഷ്ട്രീയാതിപ്രസരത്തിന്റെ ഇക്കാലത്ത് നിഷ്പക്ഷമായ ഒരു തീരുമാനം പ്രയാസമാണ്. എക്്‌സിക്യൂട്ടീവിന്റെ താത്പര്യാനുസാരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പാവജുഡീഷ്യറിയെ രൂപപ്പെടുത്തുന്ന ശ്രമമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ വഴി പിന്തുടരുകയാണോ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും?

Latest