Connect with us

lokayukta ordinance

ലോകായുക്ത: ഈ ആഴ്ച പരിഗണിക്കുന്നത്; സർക്കാറിനെതിരായ നാല് കേസുകൾ

ഗവർണറുടെ നിലപാട് സർക്കാറിന് നിർണായകം

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത നിയമ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണറുടെ നിലപാട് സർക്കാറിന് നിർണായകമാകും. ഫെബ്രുവരി ആദ്യവാരം സർക്കാറിനെതിരായ നാല് കേസുകൾ ലോകായുക്ത പരിഗണിക്കാനിരിക്കെ അതിന് മുമ്പ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ലോകായുക്തയിലെ കേസ് സർക്കാറിനെതിരായാൽ അത് സർക്കാറിന് വലിയ തിരിച്ചടിയാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന മുഖ്യമന്ത്രിക്കെതിരായ മൂന്ന് പരാതികളും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദുവിനെതിരായ പരാതിയുമാണ് ലോകായുക്തക്ക് മുന്നിലുള്ളത്.

ഇതിൽ രണ്ട് കേസുകൾ ഫെബ്രുവരി മൂന്ന്, നാല് തീയതികളിലാണ് പരിഗണിക്കുന്നത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, അന്തരിച്ച ചെങ്ങന്നൂർ എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ പണയ വായ്പ അടക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽ പെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് പരാതികൾ. കണ്ണൂർ സർവകലാശാല വി സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശിപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്. നിലവിലെ സാഹചര്യത്തിൽ ഗവർണറുടെ മുന്നിലിരിക്കുന്ന ഓർഡിനൻസിൽ സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഗവർണർ ഓർഡിനൻസ് തിരിച്ചയക്കാനുള്ള സാധ്യതയുണ്ട്. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

ഓർഡിനൻസ് രണ്ട് തവണ ഗവർണർക്ക് മടക്കാമെന്നിരിക്കെ ഇതിനിടെ ലോകായുക്തയുടെ ഇടപെടൽ സർക്കാറിനെതിരായാൽ സർക്കാറിന് വൻ തിരിച്ചടിയാകും. ഇത് മുന്നിൽ കണ്ടാണ് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ധൃതിയിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ നീക്കങ്ങൾ വേഗത്തിലാക്കിയത്.

ഭരണഘടനയെ മറികടക്കുന്ന രീതിയിൽ ലോകായുക്തക്കുള്ള അധികാരം എടുത്തുകളയാനാണ് നിയമ ഭേദഗതിയെന്നാണ് സർക്കാറിന്റെ വാദം. ലോകായുക്ത വിധി സർക്കാറിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.

ലോകായുക്ത ജഡ്ജിയുടെയും ഉപലോകായുക്തയുടെയും യോഗ്യത ഇളവ് ചെയ്യുന്നതാണ് ഓർഡിനൻസ്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്യുന്ന ഓർഡിനൻസ് ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാമെന്ന് ഭേദഗതി ചെയ്യുന്നു.

ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. ഭേദഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകാൻ കഴിയുക.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest