lokayukta ordinance
ലോകായുക്ത: പ്രതിപക്ഷ നേതാവ് കോടതി വിധി മുഴുവനായി വായിച്ചുനോക്കിയിട്ടുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ്
മന്ത്രിസഭ കൂട്ടായി പരിശോധിച്ചെടുത്ത തീരുമാനമാണ് ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.
എറണാകുളം | ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് പറഞ്ഞത് നിയമവുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. അദ്ദേഹം വിധി മുഴുവനായും വായിച്ചുനോക്കിയിട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഹൈക്കോടതി വിധികള്‍ 12ാം വകുപ്പിനെ മാത്രം പരാമര്‍ശിക്കുന്നതല്ല. ഭരണഘടനാ അനുച്ഛേദം 164നെ ദുര്‍വ്യാഖ്യാനിച്ചിട്ടില്ല. ക്വാ വാറണ്ട വിധികളിലൂടെ മാത്രം ജനപ്രതിനിധികളെ മാറ്റാനാവില്ല. അതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് മാത്രമാണ്. ഇക്കാര്യം വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ സ്ഥാനത്തുള്ളയാളെ നീക്കം ചെയ്യാന്‍ അര്‍ധ ജുഡീഷ്യല്‍ സ്ഥാപനത്തിന് അധികാരമില്ല. ഭരണഘടനാ വിരുദ്ധമായതിനാലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ലോക്പാല്‍ നിയമം, വിവിധ സംസ്ഥാനങ്ങളിലെ ലോക്പാല്‍ നിയമങ്ങള്‍ എന്നിവയിലെല്ലാം ഉത്തരവ് കൊണ്ട് മാത്രം ഭരണഘടനാ സ്ഥാനത്തുള്ളയാളെ മാറ്റാനാകില്ല. മന്ത്രിസഭ കൂട്ടായി പരിശോധിച്ചെടുത്ത തീരുമാനമാണ് ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സെന്നും പി രാജീവ് പറഞ്ഞു.