National
കര്‍ണാടകയില്‍ 13 ജില്ലകളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത റെയ്ഡ്
ബെംഗളുരു, ബിദാര്‍, രാമനഗര, ഉത്തര കന്നഡ എന്നിവിടങ്ങളിലായി അറുപതോളം സ്ഥലങ്ങളില്‍ നൂറിലധികം ലോകായുക്ത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ബെംഗളുരു| കര്‍ണാടകയില്‍ 13 ജില്ലകളില്‍ ലോകായുക്ത റെയ്ഡ്. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇന്ന് രാവിലെ മുതല്‍ ലോകായുക്ത വ്യാപക റെയ്ഡ് നടത്തുന്നത്. ബെംഗളുരു, ബിദാര്‍, രാമനഗര, ഉത്തര കന്നഡ എന്നിവിടങ്ങളിലായി അറുപതോളം സ്ഥലങ്ങളില്‍ നൂറിലധികം ലോകായുക്ത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ജനുവരിയിലും ലോകായുക്ത 10 അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നാല്‍പതോളം സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. തുംകൂരു, മാണ്ഡ്യ, ചിക്കമഗളൂരു, മൈസൂര്‍, കൊപ്പല്‍, വിജയ നഗര, ബെല്ലാരി, ഹാസന്‍, ചാമരാജ നഗര, മംഗലാപുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയിരുന്നത്.
ബെംഗളുരുവില്‍ അഞ്ചോളം സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടക്കുന്നുണ്ടെന്ന് ലോകായുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 13 പോലീസ് സൂപ്രണ്ടുമാരുടെയും 12 ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് റെയ്ഡ്.