KANNUR VC ISSUE
മന്ത്രി ആര്‍ ബിന്ദുവിനെതിരായ ചെന്നിത്തലയുടെ ഹരജി ലോകായുക്ത തള്ളി
മന്ത്രി തെറ്റ് ചെയ്യുകയോ, സ്വജനപക്ഷപാതം കാണിക്കുകയോ ചെയ്തിട്ടില്ല
തിരുവനന്തപുരം കണ്ണൂര്‍ വി സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി മന്ത്രി ആര്‍ ബിന്ദുവിനെതിരെ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ലോകായുക്ത തള്ളി. മന്ത്രി എന്ന നിലയില്‍ ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ പറയുന്നു.
തര്‍ക്കം ഹൈക്കോടതയില്‍ നിലനില്‍ക്കുകയാണ്. അത് അവിടെ തീര്‍ക്കട്ടെ. മന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയത് നിര്‍ദേശം മാത്രമാണ്. ഗവര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളുകയോ, കൊള്ളുകയോ ചെയ്യാമായിരുന്നു. മന്ത്രി സര്‍വകലാശാലക്ക് അന്യമല്ല. പ്രോ ചാന്‍സലര്‍ കൂടിയാണ്. ഹരജി തങ്ങള്‍ വിശദമായി പരിശോധിച്ചു. മന്ത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം നിരസിക്കാമായിരുന്നെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹരജി നല്‍കിയിരുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് വി സി നിയമനത്തില്‍ പ്രൊപ്പോസല്‍ നല്‍കിയതെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.