Editors Pick
കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം; വിപ്ലവം സൃഷ്‌ടിക്കുമോ ഹസ്‌ലർ
മദ്ധ്യവർഗ കുടുംബങ്ങളുടെ കൂട്ടുകാരനാകാൻ ഹസ്‌ലറിന് കഴിയുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യൻ വിപണി മനസ്സിലാക്കി വാഹനം പുറത്തിറക്കുന്നവരാണ് മാരുതി സുസുക്കി. സാധാരണക്കാരന് താങ്ങാവുന്ന ബജറ്റിൽ മാരുതി പുറത്തിറക്കിയ വാഹനങ്ങളെല്ലാം ഹിറ്റാണ്. ഇന്ത്യൻ കാർ വിപണിയിൽ മാരുതി ഒന്നാംസ്ഥാനം കയ്യടക്കിവച്ചിരിക്കുന്നതും ഇതിനാലാണ്.
ഇപ്പോഴിതാ തങ്ങളുടെ ലോ ബജറ്റ് കാർ സെഗ്‌മെന്‍റിലേക്ക് പുതിയൊരു മോഡൽകൂടി എത്തിക്കുകയാണ് മാരുതി സുസുക്കി‐ ഹസ്‌ലർ (Suzuki Hustler). കുറഞ്ഞ ബജറ്റിൽ മികച്ച മൈലേജിൽ ഒരു മൈക്രോ എസ്‌യുവി എന്നാണ് ഹസ്‌ലറിനെ മാരുതി വിശേഷിപ്പിക്കുന്നത്.
മദ്ധ്യവർഗ കുടുംബങ്ങളുടെ കൂട്ടുകാരനാകാൻ ഹസ്‌ലറിന് കഴിയുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്. മൈലേജിൽ മാത്രമല്ല സ്‌റ്റൈലിഷ് ഡിസൈനിലും മുന്നിലാണ് മാരുതി പുറത്തിറക്കുന്ന ഹസ്‌ലർ. ആദ്യകാല ഹിറ്റായ മാരുതി 800, ആൾട്ടോ, വാഗൺ ആർ എന്നിവയ്‌ക്ക് ശേഷം ഇനി ഇന്ത്യൻ വിപണി പിടിക്കാൻ ഹസ്‌ലറിനെ ഇറക്കിയിരിക്കുകയാണ് മാരുതി.
എന്നാണ് ഹസ്‌ലർ ഇന്ത്യയിലിറങ്ങുക എന്നത് വ്യക്തമല്ല. കഴിഞ്ഞ ആഗസ്‌തിൽ വാഹനത്തിന്‍റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തിയിരുന്നു. 3.3 മീറ്റർ നീളമുള്ള 2.4 മീറ്റർ വീൽബേസുമുള്ള കാറാണ് ഹസ്‌ലർ. ഏതാണ്ട് മാരുതിയുടെ തന്നെ ആൾട്ടോയുടെയും എംജി കോമറ്റിന്‍റെയുമത്രയാകും വലിപ്പം. റൗണ്ട് ഹെഡ്‌ലൈറ്റും മിനുസമേറിയ റേഡിയേറ്റർ ഗ്രില്ലും സിവിറ്റി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമുള്ള ഹസ്‌ലറിന് 660 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. 30 കിലോമീറ്ററിനുമുകളിൽ മൈലേജ് ഉറപ്പ്.
ടച്‌സ്‌ക്രീൻ ഡിസ്‌പ്ളേ, ഗൂഗിൾ മാപ്പ് കൺട്രോൾ, മ്യൂസിക് പ്ളേ, മൊബൈൽ ചാർജിംഗ് പോർട്ട്, ബ്ളൂടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഹസ്‌ലറിനുണ്ട്. എന്നാൽ ശരിയായ വിലയും യഥാർത്ഥ മൈലേജും കമ്പനി പുറത്തുവിട്ടിട്ടില്ല. വൈകാതെ ഹസ്‌ലർ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.