തെളിയോളം
മറുകരയിലേക്ക് മാറി നിന്ന് നോക്കൂ
മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്നതിന് നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് സ്വന്തം അനുമാനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നതാണ്. ആളുകളെ കുറിച്ച് നമുക്കുള്ളിൽ ഉരുത്തിരിയുന്ന സങ്കൽപ്പങ്ങൾ പലപ്പോഴും തെറ്റായിരിക്കുമെന്ന് അവരോട് അടുത്തിടപഴകുമ്പോൾ നമുക്ക് മനസ്സിലാകും.
മുല്ല നസറുദ്ദീൻ നദിക്കരയിലൂടെ നടക്കുകയായിരുന്നു. നദിയുടെ മറുകരയിലുള്ള ഒരാൾ മുല്ലയെ വിളിച്ചു ചോദിച്ചു. “ഞാൻ എങ്ങനെയാ അക്കരേക്ക് വരിക?’ മുല്ല അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു: “നിങ്ങൾ ഇപ്പോൾ അക്കരെ തന്നെയാണ്’. മിക്കപ്പോഴും നമ്മുടെ ലോക വീക്ഷണം ഇതിനു സമാനമായിരിക്കും. നമ്മുടെ കാഴ്ചവട്ടത്തു നിന്നു കൊണ്ട് മാത്രം ലോകത്തെ കാണുമ്പോൾ മറ്റുള്ളവരുടെ പക്ഷം മനസ്സിലാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. മറുഭാഗത്തു നിന്നു കൂടി വീക്ഷിക്കാനും മറുവശത്തുള്ളവരുടെ ചിന്താഗതികളെ കൂടി ഉൾക്കൊണ്ട് ഇടപെടാനും കഴിയുന്നത് സാമൂഹിക തൊഴിൽ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ പിന്നെ അവർക്കു വേണ്ടി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും അവരിൽ സ്വന്തം നേതൃബലം സ്ഥാപിക്കുന്നതിന് സാധ്യമാകില്ലെന്നും കരുതുന്ന മേലധികാരികളുണ്ട്. “നിങ്ങൾ ഇത്രക്കങ്ങ് സഹാനുഭൂതി കാണിക്കുന്നത് നിർത്തണമെന്ന് ആളുകൾ നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ആ ദുരുപദേശം അംഗീകരിക്കരുത്’ എന്ന് ആപ്പിൾ സി ഇ ഒ ടിം കുക്ക്.
നിങ്ങൾക്കു കീഴിൽ ഉള്ളവർ അനുഭവിക്കുന്ന പ്രയാസങ്ങൾ, അവരുടെ വികാരങ്ങൾ, ഉത്കണ്ഠകൾ, ഉദ്ദേശ്യങ്ങൾ ഒക്കെ നിങ്ങൾ മനസ്സിലാക്കുന്നു എന്നത് യഥാർഥത്തിൽ അവരുടെ പ്രവർത്തനോർജത്തെ ഉദ്ദീപിപ്പിക്കുകയാണ് ചെയ്യുന്നത്. മേലധികാരികളിൽ നിന്ന് എന്തെങ്കിലും ഇളവ് ലഭിക്കണം എന്ന വിചാരത്തേക്കാൾ തന്റെ അവസ്ഥയെപറ്റി ബോസിന് ബോധ്യമുണ്ട് എന്ന തോന്നൽ ഏത് അനുയായിയെയും പരമാവധി ശക്തമായ ഫലം സൃഷ്ടിക്കാൻ പ്രാപ്തമാക്കും. അനുയായികളെ വേണ്ട വിധം മനസ്സിലാക്കുന്നു എന്നത് ഏറ്റവും മൂല്യവത്തായ ഒരു നേതൃഗുണമാണ്. അവരോടുള്ള കരുതൽ അർഥമാക്കുന്നത് നമ്മൾ എപ്പോഴും ആ വ്യക്തിയോട് യോജിക്കും, അവർക്ക് വേണ്ടി നിലപാടുകൾ മാറ്റും എന്നല്ല, മറിച്ച് ആ വ്യക്തിയിലൂടെ കടന്നുപോകുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാനും, അതുവഴി അവരുടെ ചിന്തകളെ അംഗീകരിക്കുന്ന രീതിയിൽ പ്രതികരിക്കാനും നമുക്ക് സാധിക്കും എന്നാണ്. ഒപ്പം ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ മറ്റ് ഘടകങ്ങൾക്കൊപ്പം ജീവനക്കാരുടെ വികാരങ്ങൾ കൂടി ചിന്താപൂർവം പരിഗണിക്കാനും ഇതിലൂടെ കഴിയും.
സഹാനുഭൂതിയുണ്ടായിരിക്കുന്നതിന്റെ ഉത്കൃഷ്ടത നാം മറ്റുള്ളവരെ അവരുടെ ദുരിതത്തിന്റെ കാരണം പറഞ്ഞു കൊടുത്ത് ഒഴിയുകയില്ല എന്നതാണ്. നിങ്ങൾക്ക് സഹാനുഭൂതി കുറവാണെങ്കിൽ, ദുരിതത്തിലായ ആളുകളുമായി ഇടപഴകുമ്പോൾ ക്ഷമയുണ്ടാവുകയില്ല. “ഇത് കൊണ്ടാണ് അത് സംഭവിച്ചത്. ഇനി അതിനെ ഇങ്ങനെ മറികടന്നോളൂ’ എന്ന ചെലവില്ലാത്ത ഉപദേശവും നൽകി നിങ്ങൾ മാറി നിൽക്കും. അപരനെ അവന്റെ പ്രയാസ ഘട്ടത്തിന്റെ നാൾവഴി പറഞ്ഞ് ദണ്ണിക്കുന്നതിനു പകരം അവന്റെ കൈ അങ്ങോട്ടു കയറിപ്പിടിക്കുന്നതിലാണ് മേന്മയുള്ളത്. ഒരു കൊച്ചു പെൺകുട്ടി അവളുടെ അച്ഛന്റെ കൂടെ ഒരു പഴയ മരപ്പാലം കടക്കുകയായിരുന്നു. “എന്റെ കൈ പിടിക്കൂ, അല്ലെങ്കിൽ താഴേക്കു വീഴും’ അച്ഛൻ അവളോട് പറഞ്ഞു. “വേണ്ട അച്ഛാ. നിങ്ങൾ എന്റെ കൈ പിടിക്കൂ.’ അവൾ തിരിച്ചു പറഞ്ഞു.
“രണ്ടായാലും ഒന്നല്ലേ മോളേ?’ അച്ഛൻ ചോദിച്ചു. “വലിയ വ്യത്യാസമുണ്ടച്ഛാ, ഞാൻ നിങ്ങളുടെ കൈ പിടിക്കുകയും എനിക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ, ഞാൻ നിങ്ങളുടെ കൈ വിടുവാനുള്ള സാധ്യതയുണ്ട്. പക്ഷെ നിങ്ങൾ എന്റെ കൈ പിടിച്ചാൽ എനിക്കറിയാം എന്ത് സംഭവിച്ചാലും നിങ്ങളെന്റെ കൈ വിടില്ല എന്ന്.’
അമിതമായ ആത്മാഭിമാന ബോധം നിമിത്തം സ്വന്തം പ്രയാസങ്ങളെ ഒതുക്കി പുറമേക്ക് “എനിക്ക് കുഴപ്പമൊന്നുമില്ല’ എന്ന ഭാവം നടിക്കുന്നത് നല്ലതല്ല. നിങ്ങൾ ശരിക്കും എന്ത് അവസ്ഥയിലാണെന്ന് പ്രിയപ്പെട്ടവരോട് പറയുക. സ്വന്തം വൈകാരികാവസ്ഥയെക്കുറിച്ച് പ്രതിഫലിപ്പിക്കാനും മറ്റുള്ളവരുമായി തുറന്ന് പ്രവർത്തിക്കാനും ഇത് ആവശ്യമാണ്. മനോവിഷമം, സങ്കടം എന്നിവ ഉൾപ്പെടെയുള്ള തീവ്രമായ വികാരങ്ങൾ പ്രകടിപ്പിക്കാനും ആശയവിനിമയം നടത്താനും നല്ല ആത്മധൈര്യം ആവശ്യമാണ്. നിങ്ങൾ സ്വന്തം വികാരങ്ങൾ എത്രത്തോളം തുറന്ന് സംസാരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനോനില സുഖകരമാകുകയും മറ്റുള്ളവരും നിങ്ങളോട് തുറന്ന് ഇടപെടാൻ കൂടുതൽ സന്നദ്ധരാവുകയും ചെയ്യും. അഥവാ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിന് സ്വന്തത്തോട് നിങ്ങൾ തികഞ്ഞ സത്യസന്ധത പുലർത്തേണ്ടതുണ്ട് എന്നർഥം.
മറ്റുള്ളവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്നതിന് നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് സ്വന്തം അനുമാനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നതാണ്. ആളുകളെ കുറിച്ച് നമുക്കുള്ളിൽ ഉരുത്തിരിയുന്ന സങ്കൽപ്പങ്ങൾ പലപ്പോഴും തെറ്റായിരിക്കുമെന്ന് അവരോട് അടുത്തിടപഴകുമ്പോൾ നമുക്ക് മനസ്സിലാകും. ദൈനംദിന സാഹചര്യങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ അനുമാനങ്ങളെയും വിധിക്കലുകളേയും ചോദ്യം ചെയ്യാൻ തുടങ്ങാം.
സുഹൃത്ത് നിങ്ങളോട് അകൽച്ച കാണിക്കുന്നതിന് നിങ്ങൾ കണ്ടെത്താത്ത ഒരു കാരണം കൊണ്ടാകാം. ജീവനക്കാരനോ സഹപ്രവർത്തകനോ എത്താൻ വൈകുന്നത് മനപ്പൂർവമായിരിക്കില്ല. ടാക്‌സി ഡ്രൈവർ നിങ്ങളോട് പരുഷമായി പെരുമാറിയത് കടുത്ത സമ്മർദത്തിലായതുകൊണ്ടാകാം. അവരെ അറിഞ്ഞു കൊണ്ട് അവരോട് ചേർന്നു നിന്നാൽ നിങ്ങളിലുള്ള അവരുടെ വിശ്വാസം പതിന്മടങ്ങാവുന്നത് നിങ്ങൾക്കു കാണാം. ഏത് മനുഷ്യനും ഒരു വിഷമഘട്ടത്തിൽ അതിനുള്ള എളുപ്പ പരിഹാരമോ ഉപദേശമോ അല്ല ആഗ്രഹിക്കുന്നത്; അവർ അനുഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് ആരെയെങ്കിലും കിട്ടിയാൽ മതിയെന്നാണ് എന്ന് അഡെലെ ഫാബർ.