Connect with us

Health

വിഷാദം അകറ്റാന്‍ വഴിതേടുകയാണോ? ഇതാ ചില മാര്‍ഗങ്ങള്‍

ഡിപ്രഷന് കൃത്യമായ ചികിത്സ തേടുക എന്നതുതന്നെയാണ് ഇത് മറികടക്കാനുള്ള ആദ്യവഴി.

Published

|

Last Updated

പുതിയ കാലത്തെ ജീവിതക്രമങ്ങള്‍ക്കിടയില്‍ പലരും നേരിടുന്ന പ്രശ്നമാണ് ഡിപ്രഷന്‍. ജോലി, സമ്മര്‍ദം, യാത്ര, സമയക്കുറവ്, സാമ്പത്തിക, ദാമ്പത്യ പ്രശ്നങ്ങള്‍ അങ്ങനെ പല കാര്യങ്ങളും ഡിപ്രഷന് വഴിവെക്കാം. ഡിപ്രഷന് കൃത്യമായ ചികിത്സ തേടുക എന്നതുതന്നെയാണ് ഇത് മറികടക്കാനുള്ള ആദ്യവഴി. എന്നാല്‍ ഇതിനൊപ്പം മറ്റു ചില വഴികളും തേടാം. അവ പരിശോധിച്ചാലോ…

1) ഗാര്‍ഡനിങ്

മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഗാര്‍ഡനിങ്. നമ്മള്‍ നട്ടുപ്പിടിപ്പിക്കുന്ന ഓരോ ചെടികളും കായ്ക്കുന്നതും പൂക്കുന്നതും കാണുന്നത് മനസ്സിന് ഏറെ സന്തോഷം പ്രദാനം ചെയ്യും. ഇതിലൂടെ മാനസിക പ്രയാസങ്ങള്‍ ഇല്ലാതാകുമെന്നും പഠനങ്ങള്‍ പറയുന്നു. തിരക്കേറിയ ജീവിതത്തില്‍ അല്‍പമെങ്കിലും ഗാര്‍ഡനിങ്ങിനായി മാറ്റിവയ്ക്കുന്നത് ഏറെ ഗുണകരമാകും. പതിവായുള്ള ഗാര്‍ഡനിങ് ആക്റ്റിവിറ്റികള്‍ തലച്ചോറിലെ നാഡീവളര്‍ച്ചയ്ക്കും സഹായകരമാണ്. നാഡീ വളര്‍ച്ച സാധ്യമാക്കുന്ന ഘടകങ്ങള്‍ ഇതിലൂടെ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2) വ്യായാമം

വ്യായാമം ചെയ്യുന്നത് വിഷാദത്തെ തടയുമെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. വ്യായാമം നമ്മുടെ മനസ്സിന് വലിയൊരു കുളിര്‍മയാണ് നല്‍കുന്നത്. നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കൃത്യമായ വ്യായാമം വലിയ രീതിയില്‍ സഹായിക്കുന്നു. ഇത് വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം കൂടിയാണ് തുറക്കുന്നത്.

3) നല്ല ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും വിഷാദത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം നല്‍കുകയും ഇതിലൂടെ വിഷാദ ലക്ഷണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് 2022 ഏപ്രിലില്‍ സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

4) ഉറക്കം

ഉറക്കം കുറവുള്ളവരില്‍ ഡിപ്രഷന്‍ വളരെ വേഗം ബാധിച്ചേക്കാം. അതിനാല്‍ എല്ലാ ദിവസവും കൃത്യമായ അളവില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ദിവസവും 6 മുതല്‍ 8 മണിക്കൂര്‍ വരെയുള്ള ഉറക്കമാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക.

5) യാത്ര

സമ്മര്‍ദങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ നിശ്ചിത ഇടവേളകളില്‍ യാത്ര ചെയ്യുന്നത് വിഷാദത്തെ മറികടക്കാന്‍ സഹായിക്കും. ചെറിയ യാത്രകള്‍ പോലും മനസ്സിലെ സമ്മര്‍ദങ്ങളെ അകറ്റുകയും സന്തോഷം നല്‍കുകയും ചെയ്യും. മനസ്സ് സ്വതന്ത്രമാകുന്നതോടെ വിഷാദവും പ്രതിരോധിക്കാം.

 

 

 

Latest