Kerala
പേര്യയില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കണ്ണൂര്‍ സിറ്റി പോലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

വയനാട്| പേര്യയില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കര്‍ണാടക ചിക്കമംഗളുരു സ്വദേശികളായ സുന്ദരി, ലത എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. കണ്ണൂര്‍ സിറ്റി പോലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇവര്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
രാവിലെ ഒന്‍പത് മണിയോടെ മാവോയിസ്റ്റ് വനിതകള്‍ നഗരത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് തലശ്ശേരിയില്‍ പോലീസ് പരിശോധന നടത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കടല്‍പ്പാലം, കടല്‍ത്തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലടക്കം പോലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എല്ലാ പോലീസ് സ്റ്റേഷനുകളും കണ്‍ട്രോള്‍ റൂമുകളും ജാഗ്രത പാലിക്കാനും ജില്ല പോലീസ് മേധാവിമാരുടെ നിര്‍ദ്ദേശമുണ്ട്.