First Gear
ലുക്കുണ്ട്, കരുത്തുണ്ട്; കിയ സൈറസ് വിപണിയിൽ
വലിപ്പത്തിൽ സോണറ്റിനോടും ഫീച്ചറുകളിൽ സെൽറ്റോസിനോടും ഒപ്പം നിൽക്കാൻ പോകുന്ന മോഡലാണ് സൈറസ്
ഇതുവരെ കാണാത്ത ഒരു ലുക്ക്, കിയയുടെ പുതിയ എസ്യുവിയായ സൈറസിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സെൽറ്റോസിനും സോണറ്റിനും ഇടയിൽ കിയ അവതരിപ്പിച്ച സൈറസ് ഔദ്യോഗികമായി വിപണിയിലെത്തി. കിയ ഇന്ത്യയുടെ വാഹന നിരിയിലേക്ക് വീണ്ടുമൊരു കോംപാക്ട് എസ്യുവി ആയാണ് സൈറസ് വരുന്നത്. വലിപ്പത്തിൽ സോണറ്റിനോടും ഫീച്ചറുകളിൽ സെൽറ്റോസിനോടും ഒപ്പം നിൽക്കാൻ പോകുന്ന മോഡലാണ് സൈറസ്. വാഹനത്തിന്റെ ബുക്കിംഗ് ജനുവരി മാസം മുതൽ ആരംഭിക്കും എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കിയയുടെ ഇന്റർനാഷണൽ മോഡലായ സോളുമായി ഡിസൈൻ പങ്കിട്ട് ഒരുങ്ങിയിരിക്കുന്ന വാഹനമാണിത്.
സോണറ്റ് ഉൾപ്പെടെയുള്ള കിയ മോഡലുകളിലും വെന്യൂ പോലുള്ള ഹ്യുണ്ടായി വാഹനങ്ങളിലും നൽകിയിരുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിനും സൈറസിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 115 ബി.എച്ച്.പി. പവറും 250 എൻ.എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾ ഡീസൽ എൻജിനൊപ്പം നൽകും.
120 ബി.എച്ച്.പി. പവറും 173 എൻ.എം ടോർക്കുമാണ് സൈറസിലെ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. സോണറ്റിന്റെ അടിസ്ഥാന മോഡലിൽ ഉൾപ്പെടെ നൽകിയിട്ടുള്ള 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിൽ സൈറസ് എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്റീരിയർ കംഫോർട്ടിന് കൂടുതൽ പ്രധാന്യം നൽകിയൊരുങ്ങിയിരിക്കുന്ന വാഹനമാണ് സൈറസ്. ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയിൽ സോണറ്റിന്റെ പിൻഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, അഡാസ് സ്യൂട്ട്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിൽ ഒരുങ്ങും. കൂടുതൽ മികച്ച റിയർ സീറ്റ് എക്സ്പീരിയൻസ് ഉറപ്പാക്കുന്നതിനായി റിക്ലൈൻ സംവിധാനമുള്ള സീറ്റുകൾ പിൻനിരയിൽ നൽകിയിട്ടുണ്ട്.
406 ലിറ്ററിന്റെ ഉയർന്ന ബൂട്ട് സ്പേസ് ഈ വാഹനത്തെ എതിരാളികളെക്കാൾ മുന്നിലെത്തിക്കും. ഭാരത് മൊബിലിറ്റി എക്സ്പോയിലായിരിക്കും ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക. വിലയും ഈ അവസരത്തിലായിരിക്കും പ്രഖ്യാപിക്കുക. ഫെബ്രുവരി 25-ന് വാഹനം വിതരണം ആരംഭിക്കും.