National
അഹങ്കാരികളെ ശ്രീരാമന്‍ 241ല്‍ പിടിച്ചുകെട്ടി; വിവാദ പരാമര്‍ശം തിരുത്തി ആര്‍എസ്എസ് നേതാവ്
ആര്‍എസ്എസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ദ്രേഷ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന.
ന്യൂഡല്‍ഹി| ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241ല്‍ പിടിച്ചുകെട്ടിയെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ശ്രീരാമനെ എതിര്‍ത്തവരാണ് അധികാരത്തിന് പുറത്ത് നില്‍ക്കുന്നതെന്നും ജനങ്ങള്‍ക്ക് മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് മൂന്നാമതും അവസരം നല്‍കിയതെന്നും ഇന്ദ്രഷ് കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ദ്രേഷ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന.
ജയ്പൂരിലെ പൊതുപരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇന്ദ്രേഷ് കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഭഗവാന്‍ രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം ശ്രീരാമന്‍ അവരെ 241ല്‍ നിര്‍ത്തിയെന്നാണ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പരാമര്‍ശം.