Kerala
തിരുവനന്തപുരത്തേക്ക് മാഹി മദ്യം കടത്തിയ ലോറി പിടികൂടി
കന്യാകുമാരി സ്വദേശിയായ പുരുഷോത്തമന്‍ (60) എന്നയാളാണ് പിടിയിലായത്
കോഴിക്കോട് | ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് തിരുവനന്തപുരത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 140.25 ലിറ്റര്‍ മാഹി മദ്യം വടകരയില്‍ നിന്ന് എക്‌സൈസ് പിടികൂടി. കന്യാകുമാരി സ്വദേശിയായ പുരുഷോത്തമന്‍ (60) എന്നയാളാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെ വടകര മാഹി ദേശീയപാതയില്‍ കെ ടി ബസാറില്‍ വെച്ച് പുലര്‍ച്ചെയാണ് ചരക്ക് ലോറിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ലോറിയില്‍ ഒളിപ്പിച്ച മാഹി മദ്യം കണ്ടെത്തുകയായിരുന്നു. ഇയാള്‍ ചരക്ക് ഇറക്കി തിരിച്ച് പോകുമ്പോള്‍ സ്ഥിരമായി മദ്യം കടത്താറുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ എം ഉനൈസ്, കെ പി സായിദാസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഇ കെ പ്രജീഷ് എന്നിവരും പങ്കെടുത്തു.