Connect with us

Editors Pick

'18 മണിക്കൂറോളം പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടു; പൈപ്പിൽ വെള്ളം തിരിച്ചിട്ട് വിവരം അറിയിച്ചു': ദുരന്തനാളുകൾ ഓർത്തെടുത്ത് അഖിലേഷ് സിംഗ്

പണികഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അഖിലേഷ് അപ്പോൾ. തുരങ്കത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങവെയാണ് ഒരശനിപാതം കണക്കെ തുരങ്കം പൊടുന്നനെ തകർന്നുവീഴുന്നത്. അഖിലേഷിന്റെ തൊട്ടുമുന്നിൽ പാറക്കെട്ടുകൾ വന്നടിഞ്ഞു. തുരങ്കത്തിന്റെ കവാടം പൂർണമായും അടഞ്ഞു. തകർച്ചയുടെ ഫലമായി ഉണ്ടായ വലിയ ശബ്ദം തന്റെ ചെവിയെ മരവിപ്പിച്ചുവെന്നും അഖിലേഷ് പറയുന്നു.

Published

|

Last Updated

ന്യൂഡൽഹി | രാജ്യം അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിന്ന 400 ഓളം മണിക്കൂറുകൾ. ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത് നീണ്ട പതിനേഴ് ദിവസങ്ങൾക്ക് ശേഷമാണ്. സിൽക്യാരയിലെ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങികിടന്ന 41 തൊഴിലാളികളെയും രക്ഷിക്കാനായതിൽ രാജ്യത്തിന് അഭിമാനിക്കാം. ഇന്നോളം നമ്മൾ കണ്ടിട്ടില്ല, ഇത്രയും ദൈർഘ്യവും ദുർഘടവുമായ രക്ഷാദൗത്യം.

800 എംഎം വ്യാസമുള്ള പൈപ്പ് തുരങ്കത്തിലേക്ക് കടത്തി ചെറിയ ഇരുമ്പ് സ്ട്രെച്ചർ അതുവഴി അയച്ച് ഓരോരോ തൊഴിലാളികളെ അതിൽ കിടത്തിയ ശേഷം പുറത്തെത്തിക്കുകയാണ് ചെയ്തത്. 7.55 ന് ആദ്യതൊഴിലാളി പുറത്തെത്തുന്ന മനോഹര കാഴ്ച്ച ലോകമൊന്നായി വീക്ഷിച്ചു. പുറത്തെത്തിയ ഓരോ തൊഴിലാളിയെയും ആരവാഘോഷങ്ങളോടെയാണ് ചുറ്റുമുള്ളവർ സ്വീകരിച്ചത്. രക്ഷപെടാനുള്ള സാഹചര്യം പലപ്പോഴും ആശയായി മാത്രം അവസാനിച്ചപ്പോഴും മനോധൈര്യം കൈവിടാതെ പിടിച്ചുനിന്ന തൊഴിലാളികളെ ഇച്ഛാശക്തിയുടെ നായകന്മാരായാണ് ഓരോ ഇന്ത്യക്കാരനും കാണുന്നത്.

ദുരന്തമുഖത്തെ കാഴ്ച്ചകൾ എപ്പോഴും ഭീതിജനകമായിരിക്കും. പതിനേഴ് ദിവസങ്ങൾക്ക് മുൻപ് നടന്ന കാഴ്ച്ചകൾ ഓർത്തെടുക്കുകയാണ് തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളിൽ ഒരാളായ അഖിലേഷ് സിങ്ങ്. പണികഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അഖിലേഷ് അപ്പോൾ. തുരങ്കത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങവെയാണ് ഒരശനിപാതം കണക്കെ തുരങ്കം പൊടുന്നനെ തകർന്നുവീഴുന്നത്. അഖിലേഷിന്റെ തൊട്ടുമുന്നിൽ പാറക്കെട്ടുകൾ വന്നടിഞ്ഞു. തുരങ്കത്തിന്റെ കവാടം പൂർണമായും അടഞ്ഞു. തകർച്ചയുടെ ഫലമായി ഉണ്ടായ വലിയ ശബ്ദം തന്റെ ചെവിയെ മരവിപ്പിച്ചുവെന്നും അഖിലേഷ് പറയുന്നു.

18 മണിക്കൂറോളം ലോകം ഞങ്ങൾക്ക് മുന്നിൽ ശൂന്യമായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പീന്നീടുള്ള മണിക്കൂറുകളിൽ പരിശീലനത്തിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച സുരക്ഷാമാർഗങ്ങൾ പ്രാവർത്തികമാക്കി. അകത്ത് ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അറിയിക്കാൻ ഒരു വാട്ടർ പൈപ്പ് തുറക്കുകയും അതുവഴി വെള്ളം പുറത്തെത്തിക്കുകയും ചെയ്തു. ഇത് കണ്ടപ്പോഴാണ് തുരങ്കത്തിൽ ആളുകൾ കുടുങ്ങിയ വിവരം പുറത്തുള്ളവർ അറിയുന്നത്. ഉടൻ അവർ ആ വാട്ടർ പൈപ്പിലൂടെ തന്നെ ഓക്സിജൻ നൽകിയെന്ന് അഖിലേഷ് കൂട്ടിച്ചേർത്തു.

പിന്നീട് രക്ഷാപ്രവ്രർത്തകരുടെ കാര്യമായ ഇടപെടലുകൾ നടന്ന സമയം. നേരത്തെ സ്ഥാപിച്ച പൈപ്പ് വഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ തുടങ്ങി. ഇനിയും ഒരു 25 ദിവസത്തേക്കുള്ള ഭക്ഷണം തുങ്കത്തിൽ അവശേഷിക്കുന്നുണ്ടെന്നും അഖിലേഷ് പറയുന്നു.

കഴിഞ്ഞ 17ദിനങ്ങൾ നൽകിയ ആഘാതങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യ പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് 1-2 മാസത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുമെന്നും അഖിലേഷ് പറഞ്ഞു. ഇത് പ്രകൃതി ദുരന്തമാണെന്നും ആരെയും ഈ സംഭവത്തിൽ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകാശിയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിൽക്യാര തുരങ്കം കേന്ദ്ര സർക്കാരിന്റെ ചാർ ധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. നവംബർ 12 ന് തുരങ്കത്തിന്റെ ഒരു ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെ തകരുകയും അതിനുള്ളിൽ ജോലി ചെയ്യുകയായിരുന്ന 41 തൊഴിലാളികൾ കുടുങ്ങുകയുമായിരുന്നു.

Latest