Connect with us

Ongoing News

ജംഷഡ്പൂരിനോട് തോറ്റു; ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജംഷഡ്പൂരിനായി ഡാനിയല്‍ ചിമ ചുക്വുവും ഇരട്ട ഗോള്‍ നേടി.

Published

|

Last Updated

ഭുവനേശ്വര്‍ | കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജംഷഡ്പൂരിനോടാണ് കൊമ്പന്മാര്‍ അടിയറവ് പറഞ്ഞത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജംഷഡ്പൂരിനായി ഡാനിയല്‍ ചിമ ചുക്വുവും ഇരട്ട ഗോള്‍ നേടി. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് പുറത്തായി. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ജംഷഡ്പൂര്‍ സെമിയിലെത്തി.

29ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 33ാം മിനുട്ടില്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒപ്പമെത്തി. 57ാം മിനുട്ടില്‍ ചിമ ജംഷഡ്പൂരിന് ലീഡ് നേടിക്കൊടുത്തു. 62ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാല്‍റ്റി കൂടി ലഭിച്ചു. കിക്കെടുത്ത ഡയമന്റകോസിന് പിഴച്ചില്ല. സ്‌കോര്‍ 2-2. 69ാം മിനുട്ടില്‍ ജംഷഡ്പൂരിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജെര്‍മി ഫിലിപ്പെ മന്‍സോറോ വലയിലെത്തിച്ചു. ഗോള്‍ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. ഇന്‍ജുറി ടൈമില്‍ ലെസ്‌കോവിചിനെ ഫൗള്‍ ചെയ്ത ചിമ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ജംഷഡ്പൂരാണ് ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് 20ന് നടക്കുന്ന അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. ഈ കളി ജയിച്ചാലും ജംഷഡ്്പൂരിനെ മറികടക്കാനാകില്ല. അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ജംഷഡ്പൂരിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും പോയിന്റുകള്‍ തുല്യമായാല്‍ തമ്മില്‍ കളിച്ചപ്പോഴുള്ള മത്സരഫലമാകും സെമി ബര്‍ത്തിന് പരിഗണിക്കുക.