Travelogue
പട്ടാണിയിലെ സ്നേഹവിരുന്ന്
ഈ നാട്ടിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന പള്ളി. നഗരമധ്യത്തിലൂടെ അൽപ്പ സമയം സഞ്ചരിക്കാനേയുള്ളൂ.ഈന്തപ്പന മരങ്ങൾ നട്ടുപിടിപ്പിച്ച നിരത്തു വക്കുകൾ. ചെറിയ ചെറിയ കെട്ടിടങ്ങൾ. നല്ല വെടിപ്പും വൃത്തിയും. ക്രൂസെ മസ്ജിദ് പരിസരവും സമാന സ്വഭാവമുള്ളതാണ്. കൂടുതൽ വലിപ്പമില്ല പള്ളിക്ക്. ഇഷ്ടിക കൊണ്ടാണ് നിർമ്മാണം.

വിദേശികൾ ധാരാളം വന്നു പോകുന്ന സ്ഥലമാണ് പട്ടാണി. യമനികളും ഇന്തോനേഷ്യക്കാരും മലേഷ്യക്കാരും അങ്ങനെ മറ്റു പലരും. പക്ഷേ, ഇന്ത്യക്കാർ ഇവിടേക്ക് വിരളമായേ വരാറുള്ളൂ. പ്രത്യേകിച്ചും പണ്ഡിതന്മാർ. ഞങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് പിന്നിൽ അത്തരമൊരു കൗതുകം കൂടിയുണ്ട്. നമുക്ക് തായ്്ലാൻഡുകാരെ കുറിച്ചെന്ന പോലെ അവർക്ക് ഇന്ത്യക്കാരെ കുറിച്ചും ധാരണക്കുറവുകളുണ്ട്. പരസ്പര സംസാരങ്ങളിൽ അക്കാര്യങ്ങൾ പലപ്പോഴും കടന്നു വന്നു. ഇവിടുത്തെ സാംസ്കാരിക തനിമ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി.
നമ്മുടെ നാട്ടിലെ വിശേഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ചു കൊടുത്തപ്പോൾ അവരുടെ പ്രതികരണങ്ങളും ഭിന്നമായിരുന്നില്ല. ഫത്വാനി എന്നാണ് പട്ടാണിയുടെ അറബ് വകഭേദം. അറിയപ്പെട്ട പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാട്. ഗൂഗ്ൾ സേർച്ച് ചെയ്തപ്പോൾ അനേകം മാറ്ററുകൾ ഫത്വാനി സംബന്ധിയായുണ്ട്. ഡോ. ഉസാമ അസ്ഹരിയുടെ പ്രഭാഷണ ശകലവും ഹികായതു ഫത്വാനി പോലോത്ത കിതാബുകളുടെ പി ഡി എഫുകളും സ്ക്രീനിൽ തെളിഞ്ഞു.
പ്രദേശത്തിന്റെ പ്രതാപം വിളിച്ചോതുന്ന നിർമിതിയാണ് സെൻട്രൽ മസ്ജിദ്.
താജ്മഹൽ മാതൃകയിലുള്ള തായ്്ലാൻഡിലെ പ്രധാന പള്ളി. യാല പ്രവിശ്യയിലും ഇതേ പോലെയുള്ള പള്ളിയുണ്ട്. സമയക്കുറവ് കാരണം അവിടെ നിന്നിറങ്ങി അടുത്ത സന്ദർശന കേന്ദ്രം ലക്ഷ്യമാക്കി നീങ്ങി. ക്രൂ സെ മസ്ജിദിലേക്കാണ്. ഈ നാട്ടിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന പള്ളി. നഗരമധ്യത്തിലൂടെ അൽപ്പ സമയം സഞ്ചരിക്കാനേയുള്ളൂ. ഈന്തപ്പന മരങ്ങൾ നട്ടുപിടിപ്പിച്ച നിരത്തു വക്കുകൾ. ചെറിയ ചെറിയ കെട്ടിടങ്ങൾ. നല്ല വെടിപ്പും വൃത്തിയും. ക്രൂസെ മസ്ജിദ് പരിസരവും സമാന സ്വഭാവമുള്ളതാണ്.കൂടുതൽ വലിപ്പമില്ല പള്ളിക്ക്. ഇഷ്ടിക കൊണ്ടാണ് നിർമ്മാണം.
മുറ്റത്തും ഇഷ്ടിക വിരിച്ചിരിക്കുന്നു.വിവിധ രാജാക്കന്മാരുടെ കാലഘട്ടങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്ന പൈതൃക മുദ്രകൾ കൂടിയാണ് ഈ ഇഷ്ടികകൾ. പൗരാണികതയുടെ അനുഭൂതി ലഭിക്കുന്ന ചുറ്റുപാട്. അംഗശുദ്ധി വരുത്തി അകത്ത് കയറി. ള്വുഹ്റും അസ്വറും ഒരുമിച്ച് ചുരുക്കി നിസ്കരിച്ചു. പ്രാർഥനകൾ നിർവഹിച്ചു. എഴുേന്നറ്റപ്പോഴുണ്ട് ചുറ്റും ഒരു സംഘം. കുട്ടികളും മുതിർന്നവരുമുണ്ട്. അധികവും യുവാക്കളാണ്. ശൈഖ് ഇബ്റാഹീം അവരെ പരിചയപ്പെടുത്തി. പ്രദേശത്തെ ദീനീ സേവകരാണ്. അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അവർ. അവരുടെ അഭിവൃദ്ധിക്കായി പ്രാർഥിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പുറത്തേക്കിറങ്ങി. ഗ്രസിക് മസ്ജിദ്, മുളഫർ ഷാ മസ്ജിദ് എന്നിങ്ങനെ പല പേരുകളിലും ക്രൂ സെ അറിയപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലാകണം നിർമാണം നടന്നത്. പിന്നീട് പല ഘട്ടങ്ങളിലും നവീകരിക്കപ്പെട്ടിട്ടുണ്ട്. യൂറോ ഏഷ്യൻ ശൈലികൾ കൂടിച്ചേർന്ന ഘടന. സുൽത്വാൻ മുളഫർ ഷായുടെ നിർദേശ പ്രകാരം പണിത പള്ളി.
ചൈനീസ് നാവികനായ ലിം ടോ കിയാമാണ് നിർമിച്ചത് എന്ന് അഭിപ്രായപ്പെട്ട ചരിത്രകാരന്മാരുമുണ്ട്. പട്ടാണി സുൽത്വാന്റെ പുത്രിയായ രാജാ ഹിജാഉവിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്. പല കൊളോണിയൽ സഞ്ചാരികളും പള്ളിയെ കുറിച്ച് യാത്രാവിവരണങ്ങളിൽ പരാമർശിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖബ്റുകളും ക്രൂ സെ മസ്ജിദിന് സമീപം സ്ഥിതിചെയ്യുന്നു.സിയാം ഭരണകൂടത്തിന്റെ കാലത്ത് പള്ളിക്ക് നേരെ അക്രമങ്ങൾ അരങ്ങേറുകയും ആരാധനകൾക്ക് തടസ്സം നേരിടുകയും ചെയ്തു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് പൂർവ സ്ഥിതിയിലായത്. ഇപ്പോഴും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് പള്ളിക്ക്. 2004ൽ പള്ളിയിൽ കയറി മുപ്പതിലധികം പേരെ തായ് പൊലീസ് വെടിവെച്ച് കൊല്ലുകയുണ്ടായി. വിഘടന വാദികളെയാണ് വധിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ, നിരപരാധികളായിരുന്നു അവർ എന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്ന് വെടിവെപ്പിൽ പള്ളിയുടെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ക്രൂ സെ മസ്ജിദിനെ കൂടാതെ മറ്റു പല പുരാതന പള്ളികളും പൈതൃക കേന്ദ്രങ്ങളും സ്ഥാപനങ്ങളും സൗത്ത് തായ്്ലാൻഡിലുണ്ട്. അവയിലൊന്നാണ് നരത്തിവാത്തിലെ അൽ ഹുസൈൻ മസ്ജിദ്. പൂർണമായും മരത്തടികളാൽ രൂപകൽപ്പനയുള്ള ഈ പള്ളിക്ക് ഏതാണ്ട് നാനൂറ് വർഷത്തെ പഴക്കമുണ്ട്.
ഇനി ഉച്ചഭക്ഷണത്തിനുള്ള യാത്രയാണ്. എവിടേക്കാണെന്ന് പറഞ്ഞിട്ടില്ല. എത്ര ഓടാനുണ്ടെന്ന് അറിയുകയുമില്ല. പട്ടാണിയുടെ പ്രാന്ത പ്രദേശങ്ങൾ കടന്നാണ് മുന്നോട്ടുപോകുന്നത്. പെട്ടെന്നാണ് വാഹനം റോഡിൽനിന്ന് തിരിഞ്ഞത്. നോക്കുമ്പോൾ വെള്ള വസ്ത്രമണിഞ്ഞ് തലപ്പാവ് ധാരികളായ വിദ്യാർഥികൾ വരിവരിയായി നിൽക്കുന്നു. ഞങ്ങളെ വരവേൽക്കാൻ ഒരുങ്ങിയുള്ള നിൽപ്പാണ്. വാഹനം എത്തിയതും അവർ അറബി പദ്യങ്ങൾ ചൊല്ലാൻ ആരംഭിച്ചു. ത്വലഅൽ ബദ്റു എന്ന് തുടങ്ങുന്ന ചരിത്രപ്രസിദ്ധമായ കവിത. ഒരേ ഈണത്തിൽ ഒരേ താളത്തിൽ. നമ്മുടെ നാട്ടിൽ വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതു പോലുള്ള ശൈലി.
അപ്രതീക്ഷിതമായ ഈ രംഗം നട്ടുച്ചക്കും മനസ്സിൽ കുളിരു പകർത്തി. വാഹനത്തിൽ നിന്ന് ഇറങ്ങിയതും സ്ഥാപനമേധാവി ശൈഖ് മുഹമ്മദ് ബർമീനും സഹപ്രവർത്തകരും നിറപുഞ്ചിരിയോടെ ആശ്ലേഷിച്ചു.
ചുറ്റും കണ്ണോടിച്ചപ്പോൾ പൂർണമായും മരത്താൽ നിർമിതമായ സ്ഥാപനം. അതിന്റെ നടുമുറ്റത്താണ് ഇപ്പോൾ നിൽക്കുന്നത്. ഉടൻ, അവർ ഞങ്ങളെ സ്ഥാപനത്തിന്റെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു. അപ്പോഴേക്കും അവിടെ വർണാഭമായ കാർപെറ്റിൽ നേർത്ത കവറ് കൊണ്ടുള്ള സുപ്ര വിരിച്ച് അവർ കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങൾ നിരത്തി വെച്ചിരുന്നു. വിശക്കുന്ന വയറുമായി തായ് – അറബ് വിഭവങ്ങൾക്കു മുന്നിൽ ഞങ്ങൾ ചമ്രം പടിഞ്ഞിരുന്നു.