Connect with us

From the print

ഇന്ത്യക്ക് സ്നേഹ ജയം

ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഇന്ത്യ മറികടന്നു. സ്നേഹ് റാണക്ക് പത്ത് വിക്കറ്റ്.

Published

|

Last Updated

സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന ജമിമാ റോഡ്രിഗ്സ്

ചെന്നൈ | ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഇന്ത്യ മറികടന്നു. ഷഫാലി വര്‍മയും (24) ശുഭ സതീഷും (13) ചേര്‍ന്നാണ് വിജയം പൂര്‍ത്തിയാക്കിയത്. ഒന്നാം ഇന്നിംഗ്സിലെ എട്ട് വിക്കറ്റ് ഉള്‍പ്പെടെ പത്ത് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ സ്നേഹ് റാണയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജുലന്‍ ഗോസാമിക്കു ശേഷം (2006ല്‍ ഇംഗ്ലണ്ടിനെതിരെ) ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് റാണ. സ്‌കോര്‍: ഇന്ത്യ 603 ഡിക്ല. 37/0. ദക്ഷിണാഫ്രിക്ക 266, 373.

കഴിഞ്ഞ ഡിസംബറില്‍ ഇംഗ്ലണ്ടിനെയും ആസ്ത്രേലിയേയും തോല്‍പ്പിച്ച ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് വിജയമാണിത്. ടെസ്റ്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ പത്ത് വിക്കറ്റിന് ജയിക്കുന്നത്. 2002ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു ആദ്യത്തെ നേട്ടവും.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 373 റണ്‍സിന് പുറത്തായി. നാലിന് 232 റണ്‍സെന്ന നിലയില്‍ നാലാം ദിനമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ടീമിന് 141 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. സുനെ ലൂസിന് (109) പുറമെ ഓപണര്‍ ലോറ വോള്‍വാര്‍ഡും (122) സെഞ്ച്വറി നേടി. ഇരുവര്‍ക്കുമൊപ്പം നദീന്‍ ഡി ക്ലാര്‍ക്കും (61 ) ചെറുത്തു നിന്നതോടെ ഇന്നിംഗ്സ് തോല്‍വിയൊഴിവായി.

ഇന്ത്യക്ക് വേണ്ടി സ്നേഹ് റണ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്്്വാദ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പൂജാ വസ്ത്രാകര്‍, ഷഫാലി വര്‍മ ഓരോ വിക്കറ്റെടുത്തു.

ഷഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറിയുടെയും (205) സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയുടെയും (149) കരുത്തിലാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 603 റണ്‍സ് നേടിയത്. നേരത്തേ, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പര ഇന്ത്യ (30) തൂത്തുവാരിയിരുന്നു.