Kerala
ലാവ്‍ലിൻ കേസ് 38-ാം തവണയും മാറ്റി; മെയ് ഒന്നിന് പരിഗണിക്കാമെന്ന് സുപ്രിം കോടതി
കേസിൽ വക്കാലത്ത് മാറാൻ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇത്തവണ കേസ് മാറ്റിയത്.

ന്യൂഡൽഹി | ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. കേസ് മെയ് ഒന്നിന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇത് 38-ാം തവണയാണ് കേസ് മാറ്റുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് പരിഗണിക്കുന്നത്.
കേസിൽ വക്കാലത്ത് മാറാൻ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇത്തവണ കേസ് മാറ്റിയത്. തുടര്‍ച്ചയായി രണ്ട് ദിവസം കേസ് കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, കേസിൽ എപ്പോൾ വേണമെങ്കിലും വാദം കേൾക്കാൻ തയ്യാറാണെന്നും കേസ് അടിയന്തരമായി പരിഗണിക്കണമെന്നും സിബിഐ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും ഊർജവകുപ്പ് സെക്രട്ടറി കെഎ ഫ്രാൻസിസിനെയും കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കൂടാതെ, മുൻ ഇലക്ട്രിക്കൽ ബോർഡ് സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യർ എന്നിവർ സമർപ്പിച്ച ഹർജിയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
1996 നും 1998 നും ഇടയിൽ പിണറായി വിജയൻ അന്നത്തെ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ ചെങ്കുളം, പള്ളിവാസൽ, പന്നിയാർ എന്നീ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവ്‍ലിൻ എന്ന കനേഡിയൻ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഇടപാടിൽ ഖജനാവിന് 86.25 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി ബി ഐ വാദം.