Kerala
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; ആറാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 33ാം തവണയും മാറ്റി സുപ്രീം കോടതി.
ന്യൂഡല്‍ഹി | ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 33ാം തവണയും മാറ്റി സുപ്രീം കോടതി. കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഇന്ന് എട്ടാമത്തെ കേസായാണ് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച അപ്പീലാണ് പരമോന്നത കോടതി മുമ്പാകെയുള്ളത്.
കാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ 86.25 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് സി ബി ഐ കണ്ടെത്തിയത്. കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.