Kerala
ലാവ്്ലിൻ ഹരജികൾ ഇന്ന് സുപ്രീം കോടതിയിൽ
അഞ്ച് മാസത്തിന് ശേഷമാണ് കേസ് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്
ന്യൂഡൽഹി | ലാവ്്ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരുടെ ബഞ്ചാണ് ഹരജികൾ പരിഗണിക്കുക. 25 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ ഇത് നീട്ടിവെക്കുകയായിരുന്നു. കേസ് അഞ്ച് മാസത്തിന് ശേഷമാണു വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതിനിടെ, പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹരജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ കത്ത് നൽകിയിട്ടുണ്ട്. ഇത് അനുവദിക്കുമോയെന്നത് വ്യക്തമല്ല.
സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം തുടരുന്നതിനാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സി ബി ഐ ഹരജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.