National
പരമ്പരാഗത തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ; പി.എം വിശ്വകര്‍മ്മ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം
ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി വിശ്വകര്‍മ്മയ്ക്ക് കീഴില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും.

ന്യൂഡൽഹി | ഇന്ത്യന്‍ ഗ്രാമ-നഗരങ്ങളിലെ പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല തൊഴിലാളികളേയും പിന്തുണയ്ക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം വിശ്വകര്‍മ്മയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പദ്ധതിയുടെ സാമ്പത്തിക ചെലവിനായി 13,000 കോടി രൂപ വകയിരുത്തി. ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി വിശ്വകര്‍മ്മയ്ക്ക് കീഴില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
തങ്ങളുടെ കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൈതൊഴിലാളികളുടെയും കരകൗശല തൊഴിലാളികളുടെയും ഗുരു-ശിഷ്യ പാരമ്പര്യം അല്ലെങ്കില്‍ കുടുംബാധിഷ്ഠിത പരമ്പരാഗത വൈദഗ്ധ്യം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൈതൊഴിലാളികളുടെയും കരകൗശല വിദഗ്ധരുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും എത്തിച്ചേരലും മെച്ചപ്പെടുത്തുന്നതിനും വിശ്വകര്‍മ്മജരെ ആഭ്യന്തരവും ആഗോളവുമായ മൂല്യശൃംഖലയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പി.എം വിശ്വകര്‍മ്മ പദ്ധതിക്ക് കീഴില്‍, കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൂടെ അംഗീകാരം ലഭ്യമാക്കും. വായ്പാപിന്തുണയായി 5% പലിശ നിരക്കില്‍ ആദ്യഗഡുവായി ഒരു ലക്ഷം രൂപ വരെയും, രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപവരെയും നല്‍കും. അതിനുപുറമെ വൈദഗ്ധ്യം കാലാനുസൃതമാക്കല്‍ (സ്‌കില്‍ അപ്ഗ്രഡേഷന്‍), ടൂള്‍കിറ്റ് ഇന്‍സെന്റീവ് (പണിയാധുങ്ങള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം), ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയും ഈ പദ്ധതി നല്‍കും.
ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഈ പദ്ധതി പിന്തുണ നല്‍കും. പ്രധാനമന്ത്രി വിശ്വകര്‍മ്മയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ഉള്‍പ്പെടുത്തും. (1) ആശാരി (2) വള്ളം നിര്‍മ്മാണം ; (3) കവചനിര്‍മ്മാണം ; (4) കൊല്ലന്‍ ; (5) ചുറ്റികയും പണിയായുധങ്ങളും നിര്‍മ്മാണം; (6) താഴ് നിര്‍മ്മാണം ; (7) സ്വര്‍ണ്ണപണി (സോണാര്‍); (8) കുശവര്‍ ; (9) ശില്‍പികൾ , കല്ല് കൊത്തുപണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍; (10) ചെരുപ്പുപണിക്കാര്‍ / പാദരക്ഷ കൈതൊഴിലാളികള്‍; (11) കല്ലാശാരി ; (12) കൊട്ട/പായ/ചൂല് നിര്‍മ്മാണം/കയര്‍ നെയ്ത്ത്; (13) പാവ-കളിപ്പാട്ട നിര്‍മ്മാണം (പരമ്പരാഗതം); (14) ക്ഷുരകൻ ; (15) മാല നിര്‍മ്മിക്കുന്നവർ ; (16) അലക്കുകാര്‍ ; (17) തയ്യല്‍ക്കാര്‍ ; (18) മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക.