Connect with us

Kerala

തിരുവല്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; 24 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് വീടുകളുടെ ഉള്ളിലേക്ക് വെള്ളം ഇരച്ചെത്തിയത്.

Published

|

Last Updated

തിരുവല്ല | കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ്റുവാലി, അടുമ്പടം, മംഗലശ്ശേരി പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി.

മണിമലയാറ്റില്‍ നിന്നും വെള്ളം നേരിട്ട് കയറുന്ന പ്രദേശങ്ങളാണ് ഇത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് വീടുകളുടെ ഉള്ളിലേക്ക് വെള്ളം ഇരച്ചെത്തിയത്. തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന മണിമല പമ്പ നദികളുടെ ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്.

ഇരുവള്ളി പറ, കുറ്റൂര്‍ റെയില്‍വേ അടിപ്പാതകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റോഡുകളിലൂടെ ഉള്ള ഗതാഗതം നിലച്ചു കിടക്കുകയാണ്. പ്രദേശത്തെ വെള്ളം കയറിയ വീടുകളില്‍ നിന്നും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വരമ്പിനകത്ത് മാലി ഭാഗത്തെ 15 ഓളം വീടുകളിലും വെണ്‍പാലയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ വീടുകളില്‍ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വാര്‍ഡ് മെമ്പര്‍ സൂസമ്മ പൗലോസ് പറഞ്ഞു.

അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പെരിങ്ങര, കടപ്ര , നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇരവിപേരൂരില്‍ 7 കുടുംബങ്ങളെ ഇരവിപേരൂര്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Latest