Kerala
ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചു; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത
കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല.

തിരുവനന്തപുരം | തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല.
ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യത. തുടര്‍ന്ന് വടക്കുദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകപ്പ് വ്യക്തമാക്കി.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍, ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം തുടങ്ങിയ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.