National
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം റിമാൽ ചുഴലിക്കാറ്റായി; ഇന്ന് അർധരാത്രി തീരംതൊടും; പശ്ചിമ ബംഗാളിൽ അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ മൺസൂണിന് മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാണിത്.
കൊൽക്കത്ത | കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘അഗാധ ന്യൂനമർദം’ റിമാൽ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു. ഇന്ന് അർദ്ധരാത്രിയോടെ റിമാൽ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിലൂടെ കടന്ന് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രസ്താവനയിൽ പറഞ്ഞു. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ മൺസൂണിന് മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാണിത്.
പശ്ചിമ ബംഗാളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ദേശീയ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്ന പാതയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചുവരുന്ന തയ്യാറെടുപ്പ് നടപടികളും പ്രാദേശിക ഭരണകൂടം സ്വീകരിച്ച നടപടികളും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി കമ്മിറ്റിയെ ധരിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂമുകളും സജീവമാക്കി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
മതിയായ ഷെൽട്ടറുകൾ, വൈദ്യുതി വിതരണം, മരുന്ന്, അടിയന്തര സേവനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന 12 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 5 അധിക ടീമുകളെ സജ്ജരായി സൂക്ഷിച്ചിരിക്കുകയാണ്. കര, നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ രക്ഷാ-ദുരിതാശ്വാസ സംഘങ്ങളും കപ്പലുകളും വിമാനങ്ങളും സജ്ജമായി നിലകൊള്ളുന്നു. അടിയന്തര വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി വൈദ്യുതി മന്ത്രാലയം അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) ‘റെമാൽ’ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടലിൽ ഉണ്ടായേക്കാവുന്ന ജീവനാശവും സ്വത്തുക്കളും പരമാവധി കുറയ്ക്കുന്നതിന് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒമ്പത് ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ 21 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. വിമാനത്താവളത്തിലെ 394 വിമാനങ്ങളുടെ സർവീസിനെ അടച്ചിടൽ ബാധിക്കുമെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു.