Connect with us

National

ട്രാക്കിൽ എൽപിജി സിലിണ്ടർ, പെട്രോൾ കുപ്പി, തീപ്പെട്ടി; യു പിയിൽ ട്രെയിൻ അട്ടിമറി ശ്രമം ഒഴിവായത് തലനാരിഴക്ക്

വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭിവാനി-പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്‌പ്രസ്

Published

|

Last Updated

കാൺപൂർ (യുപി) | റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടറും പെട്രോൾ കുപ്പികളും തീപ്പള്ളിക്കൊള്ളികളും സ്ഥാപിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഭിവാനി-പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്‌പ്രസ് വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. എൽപിജി സിലിണ്ടറിൽ ട്രെയിൻ ഇടിച്ചുവെങ്കിലും സിലിലണ്ടർ പാളത്തിൽ നിന്ന് പുറത്തേക്ക് പോയതിനാൽ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 8.20ഓടെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് ഉന്നതതല സംഘം രൂപീകരിച്ചതായും ഉത്തർപ്രദേശ് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അന്വേഷണം തുടങ്ങിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) രാജേഷ് കുമാർ സിംഗ് പറഞ്ഞു.

പാളത്തിൽ എൽപിജി സിലിണ്ടർ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയാണ് ട്രെയിൻ നിർത്തിയത്. ട്രെയിൻ സിലിണ്ടറിൽ ഇടിച്ചുവെങ്കിലും സിലിണ്ടർ പുറത്തേക്ക് ഉരുണ്ടുപോയതിനാൽ അപകടം ഒഴിവായി. തുടർന്ന് ലോക്കോ പൈലറ്റ് ഗാർഡിനെയും ഗേറ്റ്മാനെയും വിവരം അറിയിച്ചു. ഏകദേശം 20 മിനിറ്റോളം ട്രെയിൻ സംഭവസ്ഥലത്ത് നിർത്തിയിട്ടു.

റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് കേടായ സിലിണ്ടർ പോലീസ് കണ്ടെടുത്തു. ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും ഇതോടൊപ്പം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത, സ്‌ഫോടകവസ്തു നിയമം, റെയിൽവേ നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഉന്നത ഉദ്യോഗസ്ഥർ വിഷയം അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest