delhi lt.governor
കെജ്രിവാളിന്റെ ഓഫീസിലെ ഡെ.സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് ലെഫ്.ഗവര്‍ണര്‍
അഴിമതി ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സസ്‌പെന്‍ഷന്‍.

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്ത് ലെഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. അഴിമതി ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സസ്‌പെന്‍ഷന്‍. അതേസമയം, കേന്ദ്രത്തെ പ്രതിനിധാനം ചെയ്യുന്ന ലെഫ്.ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ പുതിയ പോര് തുറക്കുന്നതാണ് ഈ നടപടി.
ഈയടുത്താണ് സക്‌സേന ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്. ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ് ചന്ദ്ര, വസന്ത് വിഹാര്‍ എസ് ഡി എം ഹര്‍ഷിത് ജെയ്ന്‍, വിവേക് വിഹാര്‍ എസ് ഡി എം ദേവേന്ദര്‍ ശര്‍മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്കും ഉത്തരവുണ്ട്.
ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസി.എന്‍ജിനീയര്‍മാരെ തിങ്കളാഴ്ച ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കല്‍കാജി എക്‌സ്റ്റെന്‍ഷനില്‍ ഇ ഡബ്ല്യു എസ് ഫ്ലാറ്റുകളുടെ നിര്‍മാണത്തിലെ പിഴവുകള്‍ക്കാണ് നടപടി.