Kerala
വയനാട്ടുകാരുടെ കുടുംബാംഗമാകാൻ പോകുന്നത് ഭാഗ്യം; ഈ പിന്തുണക്ക് എന്റെ കുടുംബം എന്നും കടപ്പെട്ടിരിക്കും: പ്രിയങ്ക ഗാന്ധി
ഇത് എന്റെ പുതിയ യാത്ര; ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നതെന്നും പ്രിയങ്ക
കൽപ്പറ്റ | വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചുവെന്നും വയനാട്ടുകാരുടെ കുടുംബാംഗമാകാൻ പോകുന്നത് ഭാഗ്യമായി കരുതുന്നുവെന്നും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി. സത്യത്തിനും നീതിക്കും അഹിംസക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടമെന്നും അവർ വ്യക്തമാക്കി. നാമനിർദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ഇത് എന്റെ പുതിയ യാത്രയാണ്. ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. വയനാട്ടിൽ മത്സരിക്കാൻ അവസരം തന്ന കോണഗ്രസ് പ്രസിഡന്‍റിന് നന്ദി പറയുന്നു. വയനാട്ടിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ അത് ആദരവായി കാണുമെന്നും അവർ പറഞ്ഞു. ഈ ലോകം മുഴുവൻ എന്‍റെ സഹോദരനെതിരെ നിന്നപ്പോൾ വയനാട്ടുകാർ അദ്ദേഹത്തിനൊപ്പം നിന്നു. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എല്ലാ കാലത്തും എന്‍റെ കുടുംബം നന്ദിയുള്ളവരായിരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
അധികാരത്തിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുകയാണ് ചെയ്യുന്നത്. സത്യത്തിനും നീതിക്കും അഹിംസക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടം – പ്രിയങ്ക പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ റോഡ് ഷോയിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.