National
ലുധിയാന സ്‌ഫോടനം: പിന്നില്‍ ലഹരി മാഫിയ; സഹായം നല്‍കിയത് ഖാലിസ്ഥാന്‍ സംഘടനകളെന്ന് പൊലീസ് സ്ഥിരീകരണം
ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ ദീപ് നടത്തിയതാണ് സ്‌ഫോടനമെന്നാണ് പൊലീസ് കണ്ടെത്തല്‍.
ന്യൂഡല്‍ഹി| ലുധിയാന സ്‌ഫോടനത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പഞ്ചാബ് ഡിജിപി. ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ ദീപ് നടത്തിയതാണ് സ്‌ഫോടനമെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്‌ഫോടനത്തിനായി ഖാലിസ്ഥാന്‍ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യയ വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്ന പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മുന്‍ പൊലീസുകാരന്‍ ഗഗന്‍ദീപ് സിങ്ങാണെന്നും ലഹരി മാഫിയ ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നുമാണ് പഞ്ചാബ് പൊലീസ് ഇന്ന് സ്ഥീരീകരിച്ചത്. ഇയാള്‍ക്കെതിരായ ലഹരിക്കേസിലെ കോടതി രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രണം ചെയ്താണ് സ്‌ഫോടനം. ഈ മാസം 24ന് കേസില്‍ ഇയാള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി. സ്‌ഫോടനത്തിന് ഖാലിസ്ഥാന്‍ സംഘടനകളുടെ സഹായം കിട്ടിയെന്നാണ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യയ അറിയിച്ചത്.
അതേസമയം കേസില്‍ മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സ്‌ഫോടനത്തിന് മുന്‍പ് ഗഗന്‍ദീപ് നാല് ഫോണ്‍ കോളുകള്‍ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണവും പുരോഗമിക്കുന്നത്. ഇതിനിടെ ഗഗന്‍ദീപിന്റെ ലുധിയാനയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്നാണ് പ്രാഥമിക കണ്ടെത്തല്‍ രണ്ട് കിലോ ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാല്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്‌ഫോടാകാവശിഷ്ടങ്ങള്‍ ഒഴുകി പോയെന്നും എന്‍എസ് ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.