lulu hyper market
സൗദി ഖമീസ് മുഷൈത്തില്‍ ലുലുവിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായുള്ള ഖമീസ് മുഷൈത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു.
ഖമീസ് മുഷൈത്ത് | റീട്ടെയില്‍ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് അല്‍ അസിര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തില്‍ രാജ്യത്തെ തങ്ങളുടെ അറുപതാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തില്‍ ഖമീസ് മുഷൈത്ത് ഗവര്‍ണര്‍ ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ മുഷൈത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സൗദിയില്‍ ഉടനീളം അതിവേഗം വളരുന്ന റീട്ടെയില്‍ ശൃംഖലയായി ലുലുവിനെ മാറ്റിയ എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാന്‍ പാര്‍ക്ക് മാളില്‍ 71,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായുള്ള ഖമീസ് മുഷൈത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ ഒരു ഭാഗമാവുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസന നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരും. ഞങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന ഭരണാധികാരികള്‍ക്ക് യൂസഫലി നന്ദി പറഞ്ഞു. സൗദിയിലെ ലുലുവിന്റെ വിപുലീകരണ ത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ കൂടുതല്‍ ഹൈപ്പാര്‍മാര്‍ക്കറ്റുകള്‍ തുറക്കും.
സ്വദേശികള്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. സി ഇ ഒ സൈഫി രൂപാവല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു പടിഞ്ഞാറന്‍ പ്രവിശ്യ റീജണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.