Business
ലുലുവിന്റെ ഓഹരി വില്‍പ്പന 28ന്; വിറ്റഴിക്കുന്നത് 25 ശതമാനം ഓഹരികള്‍
ലുലുവിന്റെ ഓഹരിക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ കൂടുതലാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി
അബൂദബി | ലുലുവിന്റെ ഓഹരിക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ കൂടുതലാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി പറഞ്ഞു. അബുദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഉദ്ദേശിച്ചതിനേക്കാള്‍ അന്വേഷകര്‍ വര്‍ധിച്ചു വരികയാണ്. ആദ്യം അബുദാബിയിലാണ് ലുലു ലിസ്റ്റ് ചെയ്യുന്നത്. പിന്നീട് മറ്റു രാജ്യങ്ങളിലും ലിസ്റ്റ് ചെയ്യും. ലോകത്തിലെ എല്ലാ പ്രമുഖ കമ്പനികളും പൊതു സ്ഥാപനങ്ങളാണ്. ഒരു സാഹചര്യത്തില്‍ എത്തുമ്പോള്‍ സമൂഹത്തെ ഒരുമിച്ചു കൂട്ടണം. പ്രത്യേകിച്ച് പശ്ചിമ മേഖലയില്‍ ഏറ്റവും വലിയ ചില്ലറ വ്യപാര സ്ഥാപനമാണ് ലുലു. അപ്പോള്‍ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും സ്ഥാപനങ്ങളില്‍ അവകാശങ്ങളുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ലുലുവിന്റെ 25 ശതമാനം ഓഹരി വില്‍ക്കാം എന്ന് കരുതിയത്.
ഇവിടുത്തെ ഭരണാധികാരികള്‍ക്കും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും പുതിയ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഓഹരി വില്‍പന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. അബുദാബി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യും. 28 മുതല്‍ നവംബര്‍ 4 വരെയാണ് ഓഹരികള്‍ വാങ്ങാന്‍ കഴിയുക. 258.2 കോടി ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. 0.051 ഫില്‍സ് ആണ് ഓഹരിയുടെ മുഖവില. ഓഹരി വില്‍പ്പനയിലൂടെ 180 കോടി ഡോളറാണ് ലുലു ലക്ഷ്യമിടുന്നത്.