Connect with us

From the print

5,000 കോടിയുടെ വന്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ ടി, റീട്ടെയിൽ, ഫിനാൻസ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ മികച്ച നിക്ഷേപം നടത്തും

കളമശ്ശേരിയിൽ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് ഈ വർഷം ആരംഭിക്കും.

Published

|

Last Updated

കൊച്ചി| സംസ്ഥാന സർക്കാറിന്റെ ആഗോള നിക്ഷേപക സംഗമത്തിൽ 5,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐ ടി, റീട്ടെയിൽ, ഫിനാൻസ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ മികച്ച നിക്ഷേപം നടത്തും. മാളുകൾ, ഹൈപ്പർമാർക്കറ്റ്, കൺവെൻഷൻ സെന്ററുകളും ഉൾപ്പെടെ കേരളത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ലുലു, കൂടുതൽ മേഖലകളിലേക്ക് നിക്ഷേപം നടത്തും. കളമശ്ശേരിയിൽ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് ഈ വർഷം ആരംഭിക്കും.

കൂടാതെ ഐ ടി ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഐ ടി, ഫിനാൻസ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഗ്ലോബൽ സിറ്റിയുടെ ഭാഗമായി നടക്കും.
പെരിന്തൽമണ്ണ, കാസർകോട്, തൃശൂർ, തിരൂർ, കണ്ണൂർ ഉൾപ്പെടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പർമാർക്കറ്റുകളുമെത്തും. കളമശ്ശേരിയിൽ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് വഴി കൊച്ചിയിൽ നിന്നുള്ള ഫുഡ് എക്‌സ്‌പോർട്ടിന് വേഗതയേറും. പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസംസ്‌കരണ യൂനിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ്.പുതിയ പദ്ധതികൾ വഴി 15,000 തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും നാടിന്റെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി വ്യക്തമാക്കി.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി ഇ ഒ ആൻഡ് ഡയറക്ടർ എം എ നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി ഇ ഒ രജിത്ത് രാധാകൃഷ്ണൻ, റീജ്യനൽ ഡയറക്ടർ സ്വാദിഖ് ഖാസിം തുടങ്ങിയവർ പങ്കെടുത്തു.

Latest