Connect with us

Business

ലുലു എക്സ്ചേഞ്ചിന്റെ യുഎഇയിലെ നൂറാമത്തെ ശാഖ തുറന്നു

2009-ൽ അബുദാബിയിൽ തുടക്കം കുറിച്ച ലുലു എക്സ്ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്നമാണ് കാഴ്ചവെക്കുന്നത്.

Published

|

Last Updated

ദുബൈ | പ്രമുഖ സാമ്പത്തിക സേവന ദാതാവായ ലുലു എക്‌സ്‌ചേഞ്ച് നൂറാമത്തെ ശാഖയ്ക്ക് തുടക്കം കുറിച്ചു. ദുബൈ അൽ വർഖയിലെ ക്യൂ വൺ മാളിൽ ദുബൈയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സിഇഒ റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ആഗോള തലത്തിൽ 314 ശാഖകളായി.

അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ ശ്രദ്ധേയമായ വളർച്ചയെന്ന് യുഎഇയിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്തുകൊണ്ട് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യുഎഇയിലെ ഈ 100-മത്തെ ശാഖ ഒരു സുപ്രധാന മുന്നേറ്റമാണ്, ഇത് സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ ഈ ചരിത്ര നേട്ടം തങ്ങളെ കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതായും, തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും മൂല്യാധിഷ്ഠിത സേവനം നൽകുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കുകയുമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയുമാണ് തങ്ങളുടെ ലക്ഷ്യം. എല്ലാ വിഭാഗത്തിൽപ്പെട്ടവരുടേയും സാമ്പത്തിക സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് തങ്ങളുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം യുഎഇയുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണായകമാണെന്നും, അവരുടെ തന്ത്രപരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതിബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

2009-ൽ അബുദാബിയിൽ തുടക്കം കുറിച്ച ലുലു എക്സ്ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്നമാണ് കാഴ്ചവെക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കമ്പിനിക്ക് മികച്ച അടിത്തറയുണ്ട്. 2023-ൽ 9.4 ബില്യൺ ഡോളറാണ് ലുലു എക്സ്ചേഞ്ച് വിനിമയം ചെയ്തത്.

Latest