Saudi Arabia
ലുലു എക്സ്ചേഞ്ച് സഊദി അറേബ്യയിലേക്ക് വ്യാപിപ്പിക്കും: അദീബ് അഹമ്മദ്
ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കും
അബുദബി | ലുലു എക്സ്ചേഞ്ച് ഈ വർഷം സഊദി അറേബ്യയിലേക്ക് പ്രവേശിക്കുകയും ഇന്ത്യയിൽ വിപുലീകരിക്കുകയും ചെയ്യുമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാന രണ്ട് മുൻഗണന വിപണികളിൽ ഒന്ന് സഊദി അറേബ്യയായിരിക്കും. അവിടെ ഞങ്ങൾ ഈ വർഷം പ്രവേശിക്കാൻ ഉദ്ദേശിക്കുന്നു.
തുടർന്ന്, ഇന്ത്യയിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ആഗ്രഹിക്കുന്നു. ഇത് വളർച്ചയുടെ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വർഷങ്ങളായി സഊദി അറേബ്യൻ വിപണിയിൽ വളരെയധികം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കണ്ടു, അത് ആത്മവിശ്വാസം നൽകുകയും വിപണിയിൽ പ്രവേശിക്കാൻ നമുക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കമ്പനിക്ക് ഇന്ത്യയിൽ ഒരു നോൺ- ബേങ്കിംഗ് ഫിനാൻഷ്യൽ ലൈസൻസ് ലഭിച്ചു, ഞങ്ങൾ നിലവിൽ ആ പ്രത്യേക ഡിവിഷനിൽ അതിവേഗ വിപുലീകരണത്തിനായി നോക്കുകയാണ്, അവിടെ പ്രതിശീർഷ ജി ഡി പി ഉയരുന്നതിനാൽ വിപണിയിൽ വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ കാണുന്നുവെന്നും അദീബ് അഹമ്മദ് പറഞ്ഞു.
സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മോർട്ട്ഗേജ് ഫിനാൻസിംഗ്, ഗോൾഡ് ലോണുകൾ തുടങ്ങിയ അസറ്റ്- ബാക്ക്ഡ് ഫിനാൻസിംഗ് സേവനങ്ങൾ നൽകാൻ ലൈസൻസ് അനുവദിക്കുന്നു. പ്രവാസികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പണമടയ്ക്കൽ ബിസിനസ്സും വളർച്ചയുള്ള ഒരു മേഖലയാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ കഴിഞ്ഞ വർഷം 100 ബില്യൺ ഡോളർ നാട്ടിലേക്ക് അയച്ചു, വിദേശ പൗരന്മാരിൽ നിന്ന് ഒരു രാജ്യം ആദ്യമായി 12 അക്ക തുക സ്വീകരിക്കുന്നു. 2021ൽ ഇത് 12 ശതമാനം വർധനവായിരുന്നു അദ്ദേഹം വിശദമാക്കി.
ഗൾഫ് രാജ്യങ്ങളിൽ ഏകദേശം ഒരുകോടി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, ഇതിൽ ഏറ്റവും വലിയ ഭാഗം 35 ലക്ഷം യു എ ഇയിലാണ്. ഉപഭോക്താക്കൾക്ക് രണ്ട് വർഷം മുമ്പ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ഇന്ത്യയിലേക്ക് തത്സമയ പണമടക്കൽ സേവനം ആരംഭിച്ചു. പണമടക്കൽ മേഖലയിൽ മറ്റ് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിലും വളർച്ചയുണ്ട്, വർധിച്ചുവരുന്ന കുടിയേറ്റ ജനസംഖ്യ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2016ൽ ആരംഭിച്ച ലുലു മണി ആപ്പ് കഴിഞ്ഞ വർഷം 800 മില്യൺ ഡോളറിലധികം മൂല്യമുള്ള 1.2 ദശലക്ഷത്തിലധികം ഇടപാടുകൾ രേഖപ്പെടുത്തി അദീബ് അഹമ്മദ് പറഞ്ഞു.