Connect with us

Uae

അല്‍ വത്ബയില്‍ ലുലു എക്‌സ്പ്രസ്സ് പ്രവര്‍ത്തനമാരംഭിച്ചു

ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അല്‍ വത്ബയില്‍ ലുലു എക്‌സ്പ്രസ്സ് ആരംഭിച്ചതെന്ന് എം എ യൂസഫലി പറഞ്ഞു

Published

|

Last Updated

അബുദബി | ലുലു ഗ്രൂപ്പിന്റെ പുതിയ സ്റ്റോര്‍ പ്രകൃതി രമണീയവും വിനോദ സഞ്ചാര കേന്ദ്രവുമായ അല്‍ വത്ബയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബുദബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, മുഹമ്മദ് ഇബ്രാഹിം അല്‍ സബ്ബ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ 230-മത്തെ ലുലു മാര്‍ക്കറ്റിന്റെയും അല്‍ വത്ബ മാളിന്റെയും ഉദ്ഘാടനം അബുദബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍ ഹസ്സന്‍ അലി അല്‍ ദാഹിരി നിര്‍വഹിച്ചു.

അല്‍ വത്ബ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്പ്രസ്സ് മാര്‍ക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഗ്രോസറി, ഫ്രഷ് പച്ചക്കറികള്‍, ബേക്കറി, പാലുത്പന്നങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ എല്ലാ ഉല്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാണ്. മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും അല്‍ വത്ബയിലെയും പരിസര പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക് സമ്മാനിക്കുന്നത്.

അബുദബി നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍ വത്ബയില്‍ അബുദാബി – അല്‍ ഐന്‍ റോഡിനു സമീപമാണ് അല്‍ വത്ബ മാള്‍ സ്ഥിതി ചെയ്യുന്നത്.

ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അല്‍ വത്ബയില്‍ ലുലു എക്‌സ്പ്രസ്സ് ആരംഭിച്ചതെന്ന് എം എ യൂസഫലി പറഞ്ഞു. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു എ ഇ ഭരണ നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള യു എ ഇയുടെ വികസനത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ റീട്ടെയില്‍ സ്റ്റോറുകള്‍, ബാങ്ക്, ഫുഡ് കോര്‍ട്ട്, ഫിറ്റ്നസ് സെന്റര്‍, കോഫി ഷോപ്പുകള്‍, കെ എഫ് സി , പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫീസ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ പുതുതായി ആരംഭിച്ച അല്‍ വത്ബ മാളിലുണ്ട്.