Connect with us

Business

മദീനയില്‍ ലുലു എക്‌സ്പ്രസ്സ് സ്റ്റോര്‍ തുറന്നു

മദീനയിലെ പ്രദേശവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങള്‍ ഉറപ്പാക്കുന്നതാണ് പുതിയ സ്റ്റോര്‍.

Published

|

Last Updated

മദീന | വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിധ്യം വിപുലമാക്കി ലുലു റീട്ടെയ്ല്‍. ഹജ്ജ്-ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടി സൗകര്യപ്രദമാണ് മദീനയിലെ പുതിയ ലുലു എക്‌സ്പ്രസ്സ് സ്റ്റോര്‍. മദീനയിലെ പ്രദേശവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങള്‍ ഉറപ്പാക്കുന്നതാണ് പുതിയ സ്റ്റോര്‍.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ മദീന ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ മാസെന്‍ ബിന്‍ ഇബ്രാഹിം റജബ് ഉദ്ഘാടനം നിര്‍വഹിച്ചു. സഊദി അറേബ്യയുടെ വിഷന്‍ 2030 ന് കരുത്തേകുന്നതു കൂടിയാണ് മദീനയിലെ പുതിയ ലുലു സ്റ്റോര്‍. പുണ്യനഗരമായ മദീനയില്‍ തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കുമായി ലുലു ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സഊദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരങ്ങളാണ് ഇതിനോടൊപ്പം യാഥാര്‍ഥ്യമായത്. മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും സഊദി ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നു. തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഏറ്റവും മികച്ച സേവനം നല്‍കുകയാണ് ലുലുവിന്റെ ദൗത്യം. മദീനയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ മൂന്ന് സ്റ്റോറുകള്‍ കൂടി ആരംഭിക്കും. ഇതുള്‍പ്പെടെ സഊദിയില്‍ വിവിധ പുതിയ പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

അല്‍ മനാഖ അര്‍ബന്‍ പ്രോജക്ട് ഡെവലപ്മെന്റ് കമ്പനിയുമായി കൈകോര്‍ത്താണ് 23,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള മദീനയിലെ ലുലു സ്റ്റോര്‍ സ്ഥാപിച്ചത്. ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ് സെക്ഷന്‍, മൊബൈല്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ അടക്കം ശേഖരമാണ് ലുലുവില്‍ ഉറപ്പാക്കിയിരുന്നത്. ഷോപ്പിങ് സുഗമമാക്കുന്നതിനായി പുലര്‍ച്ചെ ആറ് മുതല്‍ അര്‍ധരാത്രി 12 വരെ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്റ്റോറില്‍ ഉറപ്പാക്കിയിരിക്കുന്നത്. മക്കയിലെ ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറമിന് സമീപവും ലുലു പ്രവര്‍ത്തിക്കുന്നുണ്ട്. ലുലു സഊദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍, ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ എം എ നൗഷാദ് സംബന്ധിച്ചു.