International
ഫലസ്തീന്‍ ജനതക്ക് വീണ്ടും സഹായമെത്തിച്ച് ലുലു ഗ്രൂപ്പ്
ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 50 ടണ്‍ സഹായവസ്തുക്കളാണ് രണ്ടാംഘട്ട സഹായമായി കെയ്‌റോയിലുള്ള ലുലു ഗ്രൂപ്പ് റീജ്യണല്‍ ഓഫീസ് മുഖാന്തരം ഈജിപ്ത് റെഡ്ക്രസന്റിന് കൈമാറിയത്.
കെയ്‌റോ | ഗസ്സയില്‍ സംഘര്‍ഷം മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 50 ടണ്‍ സഹായവസ്തുക്കളാണ് രണ്ടാംഘട്ട സഹായമായി കെയ്‌റോയിലുള്ള ലുലു ഗ്രൂപ്പ് റീജ്യണല്‍ ഓഫീസ് മുഖാന്തരം ഈജിപ്ത് റെഡ്ക്രസന്റിന് കൈമാറിയത്.
ലുലു ഈജിപ്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹാതെം സെയിദിന്റെ നേതൃത്വത്തിലാണ് സഹായവസ്തുക്കള്‍ കൈമാറിയത്. ലുലു ഈജിപ്ത് ബഹ്‌റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജ്യണല്‍ ഡയറക്ടര്‍ ഹുസെഫ ഖുറെഷി, റെഡ് ക്രസന്റ് അധികൃതര്‍ എന്നിവരും സംബന്ധിച്ചു. ലുലു കൈമാറിയ സഹായങ്ങള്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് ലക്ഷ്യമെന്ന് ഈജിപ്ത് റെഡ്ക്രസന്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ റാമി എല്‍ നാസര്‍ അറിയിച്ചു.
ഫലസ്തീന്‍ ജനതക്ക് നല്‍കുന്ന സഹായഹസ്തത്തിന് ലുലു ഗ്രൂപ്പിനോടും എം എ യൂസഫലിയോടും എല്‍ നാസര്‍ പ്രത്യേകം നന്ദി അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ആദ്യഘട്ട സഹായമായി 50 ടണ്‍ അവശ്യവസ്തുക്കള്‍ ലുലു ഈജിപ്ത് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ ഗസ്സയിലെ ജനങ്ങള്‍ക്ക് എത്തിച്ചിരുന്നു.